പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രം: നടക്കാതെ പോയ കാരണത്തെക്കുറിച്ച് താരം

സംവിധാന മോഹം നേരത്തെ മനസ്സിലുണ്ടായിരുന്നുവെന്നും ലിജോ ജോസ് പല്ലിശ്ശേരി ചെയ്ത സിറ്റി ഓഫ് ഗോഡ് ആണ് താന്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമെന്നും പൃഥ്വിരാജ് തുറന്നു പറയുന്നു

ലൂസിഫര്‍ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാളത്തില്‍ സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടങ്ങളില്‍ ഒന്നാണ്. ചിത്രം വിജയകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ പ്രേക്ഷകരുടെ വലിയ കൈയ്യടി നേടുകയാണ്‌ മലയാളത്തിന്റെ സൂപ്പര്‍ ഹീറോ. മോഹന്‍ലാല്‍ എന്ന താരത്തെ ആഘോഷിക്കാന്‍  ആരാധകര്‍ക്ക് പൃഥ്വിരാജ് ഈ വിഷുക്കാലത്ത് നല്‍കിയ സമ്മാനമാണ് ലൂസിഫര്‍, പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭം കടല്‍ കടന്നു കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായം ഉണര്‍വ്വിന്റെ പാതയിലാണ്. ലൂസിഫറിന്റെ മഹാ വിജയം പ്രേക്ഷകര്‍ കൊണ്ടാടുമ്പോള്‍  ഒരു നവാഗത ഫിലിം മേക്കറുടെ തലയെടുപ്പോടെ പൃഥ്വിരാജ് മലയാള സിനിമയില്‍ അഭിമാനപൂര്‍വം നിവര്‍ന്നിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും കൃത്യമായി ഉപയോഗിക്കാന്‍ ലൂസിഫറിലൂടെ പൃഥ്വിരാജിനു സാധിച്ചിട്ടുണ്ട്.

ഒരു പുതുമുഖ സംവിധായകനെന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് മോഹന്‍ലാല്‍ എന്ന നടനും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവുമെന്ന് പൃഥ്വിരാജ് പങ്കുവയ്ക്കുന്നു. സംവിധാന മോഹം നേരത്തെ മനസ്സിലുണ്ടായിരുന്നുവെന്നും ലിജോ ജോസ് പല്ലിശ്ശേരി ചെയ്ത ‘സിറ്റി ഓഫ് ഗോഡ്’ ആണ് താന്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമെന്നും പൃഥ്വിരാജ് തുറന്നു പറയുന്നു.

“ഒരു സിനിമ സംവിധാനം ചെയ്യണമെന്നു മുന്‍പേ ആഗ്രഹമുണ്ടായിരുന്നു, സിറ്റി ഓഫ് ഗോഡ് ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. അപ്പോഴാണ് മണിരത്നം സാര്‍ രാവണനില്‍ അഭിനയിക്കാന്‍ വിളിച്ചത്. സിറ്റി ഓഫ് ഗോഡ് ലിജോ സംവിധാനം ചെയ്തു, അത് കണ്ടപ്പോള്‍ തോന്നി ഞാന്‍ മനസ്സില്‍ കണ്ട സിനിമയേക്കാള്‍ മികച്ചതാണ് ലിജോയുടെ സിനിമയെന്ന്”, മനോരമ ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പങ്കുവയ്ക്കുന്നു.

Share
Leave a Comment