
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ അഭിമാന നേട്ടം സ്വന്തമാക്കിയ വയനാട്ടുകാരി ശ്രീധന്യയുടെ വീട്ടില്‍ സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അഭിനന്ദനം അറിയിക്കാനായി വയനാട്ടിലെ പൊഴുതനിയിലുള്ള വീട്ടില്‍ എത്തിയ സന്തോഷ് പണ്ഡിറ്റ് അവിടത്തെ അവസ്ഥ മനസിലാക്കിയതോടെ ഉടന്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു.
വീട്ടില്‍ ആവശ്യത്തിന് എന്തൊക്കെയാണ് വേണ്ടത് എന്ന് സന്തോഷ് അന്വേഷിച്ചപ്പോള്‍ അലമാരയും കട്ടിലും ഇല്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു. ഉടന്‍ തന്നെ ആ സാധനങ്ങള്‍ സന്തോഷ് പണ്ഡിറ്റ് ശ്രീധന്യയുടെ വീട്ടില്‍ എത്തിച്ചു. നിരവധി പേര്‍ സഹായ വാഗ്ധാനങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ആദ്യമായാണ് ഒരാള്‍ സഹായിക്കുന്നത് എന്നുമായിരുന്നു അച്ഛന്റേയും അമ്മയുടേയും മറുപടി. ഇന്നുമുതല്‍ മക്കള്‍ക്ക് സുഖമായി ഉണങ്ങാന്‍ പറ്റുമെന്നും ശ്രീധന്യയുടെ അച്ഛന്‍ സുരേഷ് പറഞ്ഞു.
ശ്രീധന്യയ്ക്ക് നല്‍കിയ സഹായത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ..
”ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദര്‍ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയി)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.
അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.
കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..”
Post Your Comments