GeneralLatest NewsMollywood

‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ’; അപമാനിച്ച് ഇറക്കി വിട്ടയിടത് അതിഥിയായ നിമിഷം

എനിക്കത് താങ്ങാനായില്ല. കരഞ്ഞു കൊണ്ടാണ് അന്നവിടെ നിന്നിറങ്ങിപ്പോന്നത്.

ഒരിക്കല്‍ അപമാനിച്ചു ഇറക്കി വിട്ട ഇടത്ത് അതിഥിയായി എത്തിയ സന്തോഷത്തിലാണ് യുവതാരം സിയാദ് ഷാജഹാൻ. ‘ആഡാറ് ലൗവി’ൽ ജോസഫ് മണവാളനായി എത്തി ആരാധക ഹൃദയത്തിലേറിയ താരമാണ് സിയാദ്. ടിക്ക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സിയാദ് സിനിമയിലേയ്ക്ക് എത്തിയതും പുറത്താക്കിയ സ്കൂളില്‍ അതിഥിയായി എത്തിയതിനെക്കുറിച്ചും  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

”മുണ്ടക്കയത്തെ പബ്ലിക് സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. പത്താം ക്ലാസിൽ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പക്ഷേ, എന്റെ കാര്യത്തിൽ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അതോടെ ഏഴാം ക്ലാസ് ആയപ്പോൾ എന്നോട് സ്കൂൾ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചില്ല. എന്റെ കൂട്ടുകാരൊക്കെ അവിടെയാണ്. എനിക്കവിടം വിട്ടു പോകുക ചിന്തിക്കാനാകുമായിരുന്നില്ല. ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോൾ അവർ വഴങ്ങി. പക്ഷേ എട്ടാം ക്ലാസിൽ നിർബന്ധപൂർവം എന്നെ പറഞ്ഞു വിട്ടു. അതെനിക്ക് താങ്ങാനായില്ല. പുതിയ സ്കൂളിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

പഴയ സ്കൂളിലെ വാർഷിക ദിവസം വലിയ ആഘോഷമാണ്. അങ്ങനെ ഞാൻ വാർഷികം കാത്തിരിക്കാൻ തുടങ്ങി. ആ വർഷം വാർഷിക ദിവസം കൂട്ടുകാരെ കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള കൊതിയോടെയാണ് ഞാൻ സ്കൂളിലെത്തിയത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു ടീച്ചർ അടുത്തു വന്ന്, ‘‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ’’ എന്നും ചോദിച്ച് ദേഷ്യപ്പെടാൻ തുടങ്ങി. എനിക്കത് താങ്ങാനായില്ല. കരഞ്ഞു കൊണ്ടാണ് അന്നവിടെ നിന്നിറങ്ങിപ്പോന്നത്.

സിനിമയിൽ എത്തിയ ശേഷം, ഈ വർഷത്തെ വാർഷിക ആഘോഷത്തിന് എന്നെ അവിടെ അതിഥിയായി ക്ഷണിച്ചു. വലിയ സ്വീകരണമായിരുന്നു. ഞാൻ സംസാരിക്കുന്നതിനിടെ പഴയ അനുഭവം പറഞ്ഞു. അപ്പോഴും കണ്ണുകൾ നിറഞ്ഞു. പരിപാടിക്കു പോകും മുമ്പ്, ‘നീയിത് അവിടെ പറയണം’ എന്ന് എന്റെ ചേട്ടനും പറഞ്ഞിരുന്നു. ” സിയാദ് പങ്കുവച്ചു.

കലയോട് അടങ്ങാത്ത ആവേശമുള്ള സിയാദ് സിനിമയില്‍ എത്താന്‍ നിരന്തരം ശ്രമിച്ചിരുന്നു. എന്നാല്‍ അവസരം തരാമെന്നു പറഞ്ഞു പലരും പറ്റിച്ചിട്ടുണ്ടെന്നും സിയാദ് പറഞ്ഞു. ”തന്റെ ഡബ്സ്മാഷ് വിഡിയോകളൊക്കെ ഒരുമാതിരി വൈറലായപ്പോൾ, തിരുവനന്തപുരത്ത് നിന്ന് ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചു. ഞാൻ കടമൊക്കെ വാങ്ങി തിരുവനന്തപുരത്തെത്തിയെങ്കിലും അവർ വഞ്ചിച്ചു. ഞാനവിടെയെത്തി, ആ നമ്പരിൽ വിളിച്ചപ്പോൾ ഫോണെടുക്കുന്നില്ല. നിരശനായി മടങ്ങി വന്ന് നമുക്ക് ഡബ്സ്മാഷും ടിക്ടോക്കുമൊക്കെ മതിയെന്നു തീരുമാനിച്ചിരിക്കെയാണ് ‘കിടു’ എന്ന ചിത്രത്തിലും സുധി കോപ്പ ചേട്ടന്‍ പറഞ്ഞിട്ട് ‘നോൺസെന്‍സ്’ എന്ന ചിത്രത്തിലും ചെറിയ വേഷങ്ങൾ കിട്ടിയത്.” കൂടാതെ നാടിനടുത്ത് ഒരു സിനിമാ ഷൂട്ടിങ് നടന്നപ്പോള്‍ ഒരു ചെറിയ സീനിൽ അവസരം കിട്ടി. മുടിയൊക്കെ വെട്ടി അഭിനയിക്കാൻ തയാറായെങ്കിലും അവസാന നിമിഷം ഒഴിവാക്കിയെന്നും സിയാദ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button