മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ഉപ്പും മുളകും. ബാലും നീലുവും അവരുടെ അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പരമ്പരയില്‍ ബാലുവിന്റെ സഹോദരന് സുരേന്ദ്രനായി എത്തുന്നത് ബിനോജ് കുളത്തൂർ ആണ്. സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഞങ്ങള്‍ സഹോദരങ്ങളാണെന്നു ബിനു തുറന്നു പറയുന്നു.
ബിജു സോപാനമാണ് ബാലുവിന്റെ വേഷം ചെയ്യുന്നത്. ”നെയ്യാറ്റിൻകര കുളത്തൂരാണ് സ്വദേശം. മിനിസ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും എന്റെ സ്വന്തം ചേട്ടനാണ് ബിജു സോപാനം. എന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാണെങ്കിലും ഞങ്ങൾ തമ്മിൽ എടാ പോടാ ബന്ധമാണ്. അച്ഛൻ മാധവൻതമ്പി. അമ്മ വസന്തകുമാരി. ഞങ്ങൾ മൂന്നു മക്കൾ. ബിജു, ബിനു, ബിന്ദു. ഇതായിരുന്നു കുടുംബം. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു. ഓടിട്ട വീടായിരുന്നു തറവാട്. എങ്കിലും കുടുംബാംഗങ്ങൾ സ്നേഹത്തിന് കുറവൊന്നുമില്ലായിരുന്നു.
ചേട്ടൻ ചെറുപ്പത്തിൽത്തന്നെ നാടകത്തിലൂടെ കലാരംഗത്തേക്ക് പോയി. മരുമക്കത്തായം പിന്തുടർന്ന് വന്നിരുന്നത് കൊണ്ട് വിവാഹശേഷം ചേട്ടൻ ഭാര്യ വീട്ടിലേക്ക് താമസം മാറി. ഞാൻ 16 വർഷം പോണ്ടിച്ചേരിയിൽ ഐടി കമ്പനികളിലെ ക്യാന്റീൻ കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. അതിനു ശേഷം നാട്ടിൽ തിരിച്ചെത്തി. ആ സമയത്താണ് ചേട്ടൻ അഭിനയിക്കുന്ന സീരിയൽ കാണുന്നത്. അതുവരെ ഞാൻ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല, ക്യാമറ കണ്ടാലേ തലകറങ്ങുമായിരുന്നു. തമാശയ്ക്ക് ഒന്ന് മുഖം കാണിക്കാം എന്ന് കരുതിയതാണ്. പക്ഷേ പിന്നീട് ഒരു സ്ഥിരം കഥാപാത്രമായി മാറി. ഞാൻ ഇടയ്ക്കിടയ്ക്ക് ചെന്ന് കയറുന്ന അതിഥിയാണെങ്കിലും, വാഴക്കാലയിലുള്ള ആ വീട് ഇപ്പോൾ സ്വന്തം കുടുംബം പോലെയാണ്. പാറുക്കുട്ടിയുടെ കളിചിരികൾ കാണാനാണ് ഏറ്റവും സന്തോഷം. അവളാണ് ഇപ്പോൾ ആ വീട്ടിലെ താരം.” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.
വിവാഹിതനാണ് ബിനോജ്. ഭാര്യ അഞ്ജന വീട്ടമ്മയാണ്. മക്കൾ സിദ്ധാർഥ് നാലാം ക്ളാസിലും സതീർഥ് രണ്ടിലും പഠിക്കുന്നു.
Post Your Comments