നിരവധി നടിമാര്‍ക്ക് ശബ്ദം നല്കി സിനിമയില്‍ നിറഞ്ഞു നിന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആനന്ദവല്ലി വിടവാങ്ങി. സിനിമയില്‍ ഞാൻ ശരീരവും ആനന്ദവല്ലി എന്റെ ശബ്ദവുമായിരുന്നുവെന്ന് നടി മേനക പറയുന്നു. ആനന്ദവല്ലിയുടെ മരണത്തോടെ ശബ്ദം പോയപ്പോഴുള്ള ഒരു മാനസികാവസ്ഥയിലാണ് താനിപ്പോൾ എന്ന് മേനക കൂട്ടിച്ചേര്‍ത്തു.
ആനന്ദവല്ലിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മേനകയുടെ വാക്കുള്‍ ഇങ്ങനെ .. ” വളരെ നല്ലൊരു സൗഹൃദമായിരുന്നു ആനന്ദവല്ലിയുമായി ഉണ്ടായിരുന്നത്. ആദ്യകാലത്ത് അവരുടെയും ഞങ്ങളുടെയുമെല്ലാം താവളം ആയിരുന്നു മദ്രാസ്. ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ അവരുടെ വീട്ടിൽ പോവുകയും അവർ ഞങ്ങളുടെ വീട്ടിൽ വരികയുമൊക്കെ ചെയ്യുമായിരുന്നു. പിന്നീട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറി, അവരും തിരുവനന്തപുരത്തേക്ക് വന്നു.
മകൻ ദീപന്റെ മരണം അവരെ വല്ലാതെ തളർത്തിയിരുന്നു. അകാലത്തിലുള്ള ആ മരണത്തിനും മുൻപ് ദീപന്റെ ആദ്യ ഭാര്യയും ആനന്ദവല്ലിയുടെ അമ്മയും കൊല ചെയ്യപ്പെട്ട ഒരു ദുരനുഭവവും ഉണ്ടായി. മോഷണ ശ്രമത്തിനിടെയായിരുന്നു അത് സംഭവിച്ചത്. ആ ദുരന്തത്തിന്റെ വേദന അവരെ എന്നും വേട്ടയാടിയിരുന്നു. എപ്പോൾ കാണുമ്പോഴും അവർ അതിനെ കുറിച്ച് പറഞ്ഞു വിഷമിക്കുമായിരുന്നു. കൊലപാതകങ്ങൾ നടന്ന ആ വീടിന്റെ ഭാഗത്തേക്ക് പോകാൻ പേടിയാവുന്നു എന്നു പറയുമായിരുന്നു. ജീവിതത്തിന്റ കയ്പേറിയ കുറേയേറെ അനുഭവങ്ങൾ ഉണ്ടായിട്ടും അവർ പിടിച്ചുനിന്നു, മറ്റാരെങ്കിലും ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ പിടിച്ചു നിൽക്കുമായിരുന്നോ എന്ന് സംശയമാണ്. അമ്മയും ഗർഭിണിയായ മരുമകളും കൊലചെയ്യപ്പെട്ടു,അമ്മ ജീവിച്ചിരിക്കെ മകൻ മരിക്കുന്നു. ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും അവരുടെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടായിരുന്നു.
ജീവിതത്തെ വെല്ലുവിളിച്ച് അവർ മുന്നോട്ടു പോകുന്നതിനിടയിലാണ് അസുഖങ്ങൾ അവരെ തളർത്തി തുടങ്ങിയത്. രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചു, മരുന്നിനൊക്കെ ഏറെ ബുദ്ധിമുട്ടി. അവരുടെ കഷ്ടപ്പാടുകളെല്ലാം ഏറെ അടുത്തു നിന്നവരായിരുന്നതിനാൽ ഞാനും സുരേഷേട്ടനും ഭാഗ്യലക്ഷ്മിയും ഒക്കെ അറിഞ്ഞിരുന്നു. അവരുടെ ബുദ്ധിമുട്ടേറിയ കാലത്ത് കൂടെ നിൽക്കാനും സഹായിക്കാനും സാധിച്ചു എന്നതാണ് ആശ്വാസം.
അസുഖങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും അവർ ഉത്സാഹത്തോടെ തന്നെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ഒക്കെ ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വരെ അവർ ഫെയ്സ്ബുക്കിലും ആക്റ്റീവ് ആയിരുന്നു. പെട്ടെന്നാണ് രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിലായത്. ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നതിനാൽ വെന്റിലേറ്ററിനും രക്ഷിക്കാനായില്ല. ഒരു ഉറക്കത്തിലെന്ന പോലെയാണ് അവർ മരണത്തിലേക്കു നടന്നുപോയത്.”
കടപ്പാട്: ഐഇ മലയാളം
Post Your Comments