സിനിമാ പ്രേക്ഷകരെ നിലവാരമുള്ള നല്ല ഹ്യുമറിലൂടെ കൈയ്യടിപ്പിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ ടീം. ഫാസിലിന്റെ സഹസംവിധായകരെന്ന നിലയില്‍ സിനിമയില്‍ തുടക്കം കുറിച്ച ഇരുവരും ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’, മിമിക്രി എന്ന കലയിലെ താര രാജാക്കന്മാരായി സിദ്ധിഖും ലാലും വിലസിയിരുന്ന കാലത്ത് ഇവരുടെ പ്രോഗ്രാമിന്റെ സ്ഥിരം ആസ്വാദകനായിരുന്നു സൂപ്പര്‍ താരം മമ്മൂട്ടി. മിമിക്രിയില്‍ നിന്ന് തന്നെ എത്തിയ സംവിധായകന് ഫാസിലിനെ മമ്മൂട്ടി ഒരിക്കല്‍ ഇവരുടെ പ്രോഗ്രാം കാണാന്‍ ക്ഷണിച്ചു, അതാണ് സിദ്ധിഖ് ലാല്‍ ടീമിന് സിനിമയിലേക്കുള്ള വഴിത്തിരിവായ ആദ്യ സംഭവം.
ആലപ്പുഴയിലെ ഒരു പ്രോഗ്രാമില്‍ നിറഞ്ഞ സദസ്സിലിരുന്നു മമ്മൂട്ടിയും ഫാസിലും ഇവരുടെ മിമിക്രി പ്രകടനങ്ങള്‍ കണ്ടു ശരിക്കും അത്ഭുതപ്പെട്ടു, പിന്നെ ഫാസിലും ഇവരുടെ മിമിക്രി പ്രോഗാമിന്റെ ആരാധകനായി മാറുകയും അതുവഴി സിദ്ധിഖ് ലാല്‍ ടീമിന് ഫാസിലുമായി നല്ല ഒരു ബന്ധമുണ്ടാക്കിയെടുക്കാനും സാധിച്ചു. ഒടുവില്‍ മമ്മൂട്ടി തന്നെ സിദ്ധിഖ്-ലാല്‍ ടീമിന്റെ സിനിമാ മോഹത്തെക്കുറിച്ചും കഥ എഴുത്തിനെക്കുറിച്ചും ഫാസിലിനോട് പങ്കുവച്ചു, അങ്ങനെയാണ് നാടോടിക്കാറ്റ് എന്ന ഇവരുടെ കഥ ഫാസിലിനോട് പറയുന്നത്, കഥ കേട്ട് ഇഷ്ടപ്പെട്ടതോടെ ഇവരിലെ സിനിമാ താല്‍പ്പര്യത്തെ ഫാസില്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നീട് ഫാസിലിന്റെ സഹസംവിധായകരായി പ്രവര്‍ത്തിച്ചു തുടങ്ങിയ സിദ്ധിഖ് ലാല്‍ ടീം നാടോടിക്കാറ്റ് എന്ന ചിത്രം സത്യന് അന്തിക്കാട് ശ്രീനിവാസന് ടീമിന് നല്‍കുകയും ചെയ്തു.
നാടോടിക്കാറ്റിന്റെ കഥ പലരോടും പറയാന്‍ സിദ്ധിഖ്-ലാല്‍ ടീമിന് അവസരമുണ്ടാക്കി നല്‍കിയത് മമ്മൂട്ടിയാണ്, ചിത്രത്തിലെ പവനായി എന്ന കഥാപാത്രത്തിനോട് പ്രത്യേക ഇഷ്ടം തോന്നിയ മമ്മൂട്ടിക്ക് അത് തനിക്ക് ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹവും സിദ്ധിഖ് ലാല്‍ ടീമിനോട് പങ്കുവെച്ചിരുന്നു. ‘നോക്കാത്തെ ദൂരത്ത് കണ്ണുംനട്ട്’ എന്ന ഫാസില്‍ ചിത്രത്തില്‍ സഹ സംവിധായകരായി പ്രവര്‍ത്തിച്ചു കൊണ്ടാണ് സിദ്ധിഖ് ലാല്‍ ടീം മലയാള സിനിമയില്‍ ആരംഭം കുറിച്ചത്.
Post Your Comments