ബലാത്സംഗരംഗങ്ങള് പ്രമേയത്തിന്റെ ഭാഗമായി സിനിമയില്‍ കടന്നുവരാറുണ്ട്. എന്നാല്‍ അത്തരം ഒരു രംഗം ചിത്രത്തിന്റെ കരാര്‍ സമയത്ത് പറയാതിരിക്കുകയും ചിത്രീകരണ സമയത്ത് വളരെ ക്രൂരമായി പെരുമാറുകയും ചെയ്ത അനുഭവത്തെക്കുറിച്ച് യുവനടിയുടെ വെളിപ്പെടുത്തല്‍. ദ ന്യൂസ് മിനിട്ട് ഇംഗ്ലീഷ് പോർട്ടലിൽ എഴുതിയ ലേഖനത്തിലാണ് പേര് പങ്കുവയ്ക്കാതെ യുവ തമിഴ് നടി സിനിമയിൽ ബലാത്സംഗ രംഗം ചിത്രീകരിക്കുമ്പോൾ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
നടിയുടെ കുറിപ്പിലെ ഭാഗങ്ങള്‍
‘ഈ അനുഭവം തുറന്നു പറയണം എന്ന് തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്. സിനിമ എന്ന കരിയറിനൊപ്പം കടന്നുവന്ന വെല്ലുവിളികളെക്കുറിച്ചാണീ എഴുത്ത്. മുൻധാരണകളില്ലാതെ ഇത് വായിക്കുക’.
‘കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സംഭവം. ഞാൻ ബഹുമാനിക്കുന്ന ഒരു സംവിധായകന്റെ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് നടക്കുന്ന സമയം. ഒരു ദിവസം ഒരു സീനിനെക്കുറിച്ച് സംസാരിക്കാൻ സംവിധായകൻ എന്നെ സെറ്റിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കുന്നില്ലെന്നും ധൃതി കൂട്ടുന്നതും ഞാൻ ശ്രദ്ധിച്ചു’.
‘നാളെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യാനുണ്ട്. വില്ലനിൽ നിന്ന് നിങ്ങളുടെ പെൺകുട്ടിയെ രക്ഷിക്കണം. അവൾ രക്ഷപെടും. പക്ഷേ നിങ്ങൾ പിടിക്കപ്പെടും. വില്ലന്മാർ നിങ്ങളോട് മോശമായ ചിലത് ചെയ്യും’ അദ്ദേഹം പറഞ്ഞു. എന്ത് മോശം കാര്യങ്ങളെന്ന് ഞാൻ ചോദിച്ചു. ‘അവർ നിന്നെ നശിപ്പിക്കും’ എന്ന് പറഞ്ഞു. ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്.
‘ഞാൻ സിനിമയിൽ പുതിയ ആളാണ്. ഇങ്ങനെയൊക്കെയാണോ ഇവിടെ നടക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. എനിക്ക് ദേഷ്യം വന്നു. കരച്ചിൽ വന്നു. സിനിമക്കു വേണ്ടി കരാറിൽ ഒപ്പിടുമ്പോൾ ബലാത്സംഗ രംഗമുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടില്ലായിരുന്നു. കുറെ നേരം കരഞ്ഞ ശേഷം സംവിധായകനോട് ഇതേപ്പറ്റി കൂടുതൽ ചോദിക്കാൻ തീരുമാനിച്ചു. ഞാൻ അയാളോട് പറഞ്ഞു, ‘സർ, എനിക്ക് പേടിയാണ്. ആദ്യമെ എന്തുകൊണ്ടാണ് ഇതെന്നോട് പറയാതിരുന്നത്. എനിക്കീ സിനിമ ചെയ്യാതിരിക്കാമായിരുന്നു, അല്ലെങ്കിൽ രംഗത്തെക്കുറിച്ച് വിശദമായി സംസാരിച്ച ശേഷം കരാറിൽ ഒപ്പുവെക്കാമായിരുന്നു. ഇതെന്താണ് ഇങ്ങനെ?
‘ആ സീനിൽ നടി സ്ലീവ്ലെസ് കുർത്തയിടണം എന്ന് സംവിധായകൻ പറഞ്ഞിരുന്നു. സിനിമയിലുടനീളം കൈകാലുകൾ മറയ്ക്കുന്ന വേഷമാണ് കഥാപാത്രം ധരിക്കുന്നത്. പിന്നെ ഈ രംഗത്തിൽ മാത്രമെന്തിന് ഈ വേഷമെന്നും ഞാൻ ചിന്തിച്ചു. കൈ കാണിച്ചുള്ള വസ്ത്രം ധരിച്ച അന്നവൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന തരത്തിലാകില്ലേ അത് എന്ന് ചോദിച്ചു. പക്ഷേ അന്നത്തെ ദിവസത്തിന് പ്രത്യേകതയുണ്ടെന്നും അതുകൊണ്ടാണ് കഥാപാത്രം സ്പെഷ്യൽ വസ്ത്രം ധരിക്കുന്നതെന്നും അയാൾ മറുപടി നൽകി.
‘രംഗം എങ്ങനെയാണ് ചിത്രീകരിക്കാൻ പോകുന്നതെന്ന് ചോദിച്ചു. വയലൻസ് ഉണ്ടാകുമോ ഗ്രാഫിക്സ് ആയിരിക്കില്ലേ എന്നും ചോദിച്ചു. അടുത്ത ഷോട്ടിന് സമയമായതിനാൽ അയാൾക്ക് പോകണമായിരുന്നു. പോകുമ്പോൾ എന്നെ നോക്കി അയാൾ പറഞ്ഞു, ‘നിങ്ങൾക്ക് വേണമെങ്കിൽ ഗ്രാഫിക്സ് ഉപയോഗിക്കാം.’ ഇത് കേട്ടതോടെ ഞാൻ ഞെട്ടിപ്പോയി’.
ആ സംവിധായകനിലുള്ള എന്റെ എല്ലാ വിശ്വാസവും പോയ നിമിഷമായിരുന്നു അത്. പക്ഷേ അവിടെ നിൽക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു എനിക്ക്. കാരണം സിനിമ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു. വ്യക്തിപരമായി ‘റേപ്പ്’ എന്ന വാക്ക് എന്നെ പേടിപ്പിക്കുന്നതായിരുന്നു. ഒരുപക്ഷേ റേപ്പ് സീൻ ഉണ്ട് എന്ന് ആദ്യമെ പറഞ്ഞിരുന്നെങ്കിൽ ഞാനാ സിനിമ ചെയ്യില്ലായിരുന്നു’.
‘ പിന്നീട് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നീയൊരു അഭിനേതാവ് ആണ്, ഇത് നിന്റെ ജോലിയാണ്. ഒരു രംഗം അഭിനയിച്ചാൽ അതിൽ നിന്ന് വിട്ടുപോരാൻ കഴിയണം എന്നൊക്കെ എന്നെ ധരിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോഴിത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഈ ജോലിക്ക് നിന്നെ വേണ്ടാതാകും. ബാഗും പാക്ക് ചെയ്ത് വീട്ടിൽ പോകാമെന്നൊക്കെയായി ചിന്ത’.
‘ഒടുവിൽ ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തി. രാത്രിയാണ് ഷൂട്ടിങ്. ഒരു ധൈര്യത്തിന് എന്റെ കാമുകനോടും സെറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ആ സമയം എന്റെ ഉള്ളിലെ രണ്ടു പേരെ എനിക്ക് തിരിച്ചറിയാമായിരുന്നു. പ്രൊഫഷണൽ രീതിയിൽ ആലോചിക്കുന്ന ഞാനും ബലിയാടാൻ പോകുന്ന ഞാനും’.
‘അറിയുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാർഥിച്ച ശേഷമാണ് ആദ്യ ഷോട്ടിന് തയ്യാറായി ചെന്നത്. കരുത്തുറ്റ നായികമാരുടെ മുഖങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി. വില്ലന്മാർ എന്നെ തറയിലേക്ക് തള്ളിയിടുന്നതാണ് ആദ്യ രംഗമെന്ന് സംവിധായകൻ പറഞ്ഞുതന്നു. അതിന് ശേഷം വില്ലന്മാരായി അഭിനയിക്കുന്ന ആളുകളുമായി ഞാൻ സംസാരിച്ചു. അങ്ങനെ ആദ്യ ഷോട്ട് ഭംഗിയായി എടുത്തു. എല്ലാവർക്കും സന്തോഷം’.
‘പിന്നാലെയാണ് പ്രധാന വില്ലന്റെ രംഗ പ്രവേശം. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതാണ് അയാൾ. അയാൾ എന്നെ മുൻപ് സിനിമയിൽ കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെ വന്ന് സംസാരിച്ചു. അയാൾ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി. എന്നെ ഒരു ടേബിളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ വില്ലന്‍ സംവിധായകന്റെ നിർദേശം. ആദ്യം അയാൾ എന്റെ കയ്യിൽ പിടിച്ചുവലിച്ചു. സംവിധായകന് തൃപ്തിയായില്ല. പിന്നെ മുടിയിൽ പിടിച്ച് വലിക്കാൻ പറഞ്ഞു. ഇതോടെ ഈ രംഗത്തെക്കുറിച്ച് സംവിധായകന് വലിയ ധാരണയില്ലെന്ന് ഞാൻ മനസ്സിലാക്കി. ഈ സമയവും കടന്നു പോകുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു’.
‘ആദ്യ ടേക്ക് ശരിയായില്ല. രണ്ടാമത്തെ ടേക്ക്. സംവിധാന സഹായി സംവിധായകന്റെ ചെവിയിൽ ഇടക്കിടെ എന്തൊക്കെയോ പറയുന്നത് ഞാൻ കണ്ടു. രണ്ടാമത്തെ ടേക്കിലും അദ്ദേഹം കാര്യങ്ങൾ പറഞ്ഞു. എന്നെ ടേബിളിലേക്ക് വലിച്ചിട്ട വില്ലൻ അപ്രതീക്ഷിതമായി എന്റെ കുർത്ത മുകളിലേക്കുയർത്തി. ഞാൻ ഞെട്ടിപ്പോയി. ഇങ്ങനൊരു രംഗത്തെക്കുറിച്ച് ആരും പറഞ്ഞതേയില്ല. നിർത്തൂ എന്ന് ഞാൻ അലറി. ടേബിളിൽ നിന്ന് ഇറങ്ങിയോടി. സെറ്റിൽ നിന്ന് മാറിയൊരിടത്ത് പോയിരുന്ന് ഞാൻ അലറിക്കരയാൻ തുടങ്ങി. എന്റെ കാമുകൻ മാത്രം എന്റടുത്തക്ക് ഓടി വന്നു. മറ്റാരും വന്നില്ല. ആരും ക്ഷമ ചോദിച്ചില്ല. ഞാനെവിടെ, എനിക്കെന്ത് പറ്റി എന്നുപോലും ആരും ചോദിച്ചില്ല. എഴുപത് പുരുഷന്മാരുള്ള ആ ടീം വളരെ പ്രൊഫണൽ ആയി അടുത്ത രംഗത്തിലേക്ക് കടന്നു’.
‘സംവിധാന സഹായിയുമായി എന്റെ സുഹൃത്ത് വഴക്കിടുന്നത് ഞാൻ കണ്ടു. സംവിധായകൻ നേരിട്ടു സംസാരിക്കണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. കണ്ണുതുടച്ച് ഞാൻ സെറ്റിലേക്ക് ചെന്നു. പ്രധാന വില്ലനായി അഭിനയിക്കാനെത്തിയ നടനെ ആദ്യം കണ്ടു. അയാൾ ആകെ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. ‘സർ, നിങ്ങളിവിടെ ആദ്യമായാണ് എന്നെനിക്കറിയാം. പക്ഷേ എന്തെങ്കിലും രംഗം കയ്യില്‍ നിന്നിടുമ്പോൾ എന്നോട് ചോദിക്കണം.’ അയാൾ തലയാട്ടി. ഞാൻ ഷോട്ടിന് തയ്യാറായി ചെന്നു. ഒന്നും സംഭവിക്കാത്ത പോലെ സംവിധായകൻ പെരുമാറി. എത്രയും പെട്ടെന്ന് രംഗം തീർത്ത് മടങ്ങണമെന്നായിരുന്നു ഉള്ളിൽ’.
‘ആകെ തകർന്നുപോയി ഞാൻ. ഒരിക്കലും എന്റെ ജോലി സ്ഥലത്ത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. ആരുടെ തെറ്റാണിത്? ആ നടന്റെയോ? അതോ സഹ സംവിധായകന്റെയോ? അതോ സംവിധായകന്റെ തന്നെയോ? അതോ ഒന്നുമറിയാത്ത പോലെ വെറും കാഴ്ചക്കാരായി മാത്രം നോക്കിനിന്ന ആ 70 പേരോ? തെറ്റ് എന്റെ ഭാഗത്തുമുണ്ട്. ചോദ്യം ചെയ്യാതിരുന്നതിന്, നിഷ്കളങ്കനെന്ന് അഭിനയിച്ച ഒരാളുടെ പെരുമാറ്റത്തെ വിശ്വസിച്ചതിന്. എന്റെ അടുത്ത ബ്രേക്ക് എന്ന് ഞാൻ വിശ്വസിച്ച ആ ചിത്രം നഷ്ടപ്പെടുമെന്ന ഭയത്താലാകാം ഞാൻ ചോദ്യങ്ങൾ ചോദിക്കാതിരുന്നത് ‘.
‘വർഷങ്ങൾ കഴിഞ്ഞതോടെ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ പഠിച്ചു. ആ സംഭവം എന്നെ വലിയ പാഠങ്ങൾ പഠിപ്പിച്ചു. ജെൻസർ വയലൻസിന്റെ അതിപ്രസരമുള്ള ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംവിധായകന് അൽപം ഔചിത്യബോധം ആവശ്യമാണ്. ഇത്തരം രംഗങ്ങളെക്കുറിച്ച് ഷൂട്ടിങ് തുടങ്ങും മുൻപ് താരങ്ങളോട് പറയേണ്ടത് അത്യാവശ്യമാണ്’.
‘തിയറ്ററുകളിൽ പോപ്പ്കോണ്‍ ഉള്ളപോലെയാണ് ഇന്ത്യൻ സിനിമകളില്‍ ബലാത്സംഗ രംഗങ്ങൾ. സിനിമ കാണുന്നവരെ ഉത്തേജിപ്പിക്കാൻ ബലാത്സംഗ രംഗങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് നിർത്തുക? നായകന്റെ പൗരുഷവും നായികയുടെ കീഴടങ്ങലും കാണിക്കാനാണോ ഇത്തരം രംഗങ്ങൾ സിനിമയിൽ കുത്തി നിറക്കുന്നത്? അതോ സെൻസേഷണൽ ആകണം എന്ന ഉദ്ദേശ്യത്തോടെയോ? ഇത്തരം രംഗങ്ങളെപ്പറ്റി നിങ്ങളുടെ ടീമിലുള്ള സ്ത്രീകളോട് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?
‘ഇത്തരം ജെൻഡർ വയലൻസ് സിനിമയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഒരു സംവധായകൻ ടീമിലെ രണ്ട് സ്ത്രീകളോട് ചോദിച്ചതിനെക്കുറിച്ച് ഈയടുത്ത് ഞാനറിഞ്ഞു. ഒടുവിൽ അവരാ രംഗം സിനിമയിൽ വേണ്ടെന്നുവെച്ചു. ഇത്തരത്തിൽ ചിന്തിക്കുന്നവരെയാണ് ഇന്നത്തെ സിനിമക്കാവശ്യം’.
Post Your Comments