GeneralLatest NewsMollywood

ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു; ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലില്‍ മലയാള സിനിമ

മലയാള സിനിമയുലെ യുവ പ്രൊഡക്​ഷൻ കൺട്രോളർ ഷഫീർ സേട്ടിന്റെ ആകസ്മിക വിടവാങ്ങലിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സിനിമാ ലോകവും. നിർമാണം, അഭിനയം എന്നീ മേഖലകളിലും കൈവച്ച ഷഫീര്‍ ആത്മകഥ, ചാപ്റ്റേര്‍സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷഫീര്‍ മമ്മൂട്ടി ചിത്രം മാമാങ്കം, നാദിര്‍ഷയുടെ ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആരെയും പിണക്കാതെ എല്ലാവരുമായും പെട്ടന്നു സൗഹൃദത്തിലാകുന്ന ഷഫീറിനെ ക്കുറിച്ച് സിനിമാ പ്രവര്‍ത്തകരുടെ അനുസ്മരണക്കുറിപ്പുകൾ

മാലാ പാർവതിയുടെ വാക്കുകള്‍

വിശ്വസിക്കാനാവുന്നില്ല. ഷഫീർ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി. കൊടുങ്ങല്ലൂർ, ജോഷി സാറിന്റെ പടം കൺട്രോളർ ആണ്. ഇന്നലെ ഷൂട്ടിങിൽ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകൻ എൽകെജിയിലും. താങ്ങാനാവുന്നില്ല.

വേണു കുന്നപ്പിള്ളി (മാമാങ്കം നിർമാതാവ്)

ജീവിതയാത്രയിലെ നൊമ്പരമായി ഷഫീർ….നീ , മാമാങ്കത്തിന്റെ പ്രൊഡക്‌ഷനിലും സെക്കൻഡ് ഷെഡ്യൂളില്‍ അഭിനേതാവായും തിളക്കമാർന്ന ഓർമകൾ മാത്രം തന്ന് നമ്മളെയെല്ലാം വിട്ടുപോയി. പ്രിയപ്പെട്ടവനെ, ഞങ്ങളുടെ കണ്ണീരോടെയുള്ള ആദരാഞ്ജലിയും പ്രാർഥനയും.

സംവിധായകൻ ഷൈജു അന്തിക്കാട്

മാർച്ച്‌ 24ന് വൈകീട്ട് ഷഫീർ എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തതാണ് ഈ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. “Chottu’s 5th birthday celebration with my dreams” എന്ന കാപ്ഷനോടെ. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്.

എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്‌. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.

സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു. ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി… മനക്കരുത്ത്‌ ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത്‌ മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള വയസ്സായിരുന്നില്ല.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.

shortlink

Post Your Comments


Back to top button