പാരഡി ഗാനങ്ങളെഴുതി കൊണ്ടായിരുന്നു നാദിര്‍ഷ എന്ന കലാകാരന്റെ തുടക്കം. പാരഡി ഗാനങ്ങളില്‍ നിന്ന് മിമിക്രിയിലേക്കും അവിടെ നിന്ന് സിനിമയിലേക്കും നാദിര്‍ഷ എത്തി നില്‍ക്കുമ്പോള്‍ ഭൂതകാല നിമിഷങ്ങള്‍ വേദനയോടെ അടയാളപ്പെടുന്ന ബാല്യവും കൗമാരവുമായിരുന്നു നാദിര്‍ഷയ്ക്ക് ഉണ്ടായിരുന്നത്. ഹിറ്റ് സംവിധായകനെന്ന നിലയിലാണ് നാദിര്‍ഷയെ ഇപ്പോള്‍ സിനിമാ ലോകം ഏറ്റെടുത്തിരിക്കുന്നത്, നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ വിജയത്തിളക്കം സൃഷ്ടിച്ച ചിത്രങ്ങളായിരുന്നു, ഹാട്രിക് വിജയം നേടാന്‍ ഈ വിഷുവിനു പുതിയ ചിത്രവുമായി നാദിര്‍ഷ എത്തുമ്പോള്‍ ആ പഴയ നാദിര്‍ഷയുടെ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വീണ്ടും മനസ്സില്‍ കോറിയിടുകയാണ് താരം.
“പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണം, മൂന്ന്‍ അനിയന്മാരും, സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം എന്റെ തോളിലായി. കഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങള്‍ വാങ്ങിയാണ് ധരിച്ചിരുന്നത്. പിതാവ് മരിച്ചപ്പോള്‍ കാര്‍ബൊറാണ്ടം യൂണിവേഴ്സലില്‍ അദ്ദേഹത്തിന്റെ ജോലി എനിക്ക് ലഭിച്ചു. പതിനെട്ടാം വയസ്സില്‍ എട്ടു കിലോയുള്ള ചുറ്റിക കൊണ്ട് പാറ പൊട്ടിക്കുന്നതായിരുന്നു പണി. പകല്‍ കോളേജിലും രാത്രിയില്‍ ജോലിക്കും പോകും. പൊട്ടിച്ച പാറക്കഷ്ണങ്ങള്‍ കോരിയിടുമ്പോള്‍ നേരംപോക്കിന് കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡി ഗാനങ്ങള്‍ സൃഷ്ടിച്ചത്. അതുവരെ ഒരു വരി പോലും കുറിക്കാത്ത ഞാന്‍ എഴുത്ത് തുടങ്ങി”- നീറുന്ന ജീവിത സാഹചര്യത്തെക്കുറിച്ചും, കലാരംഗത്തെ ചുവടുവയ്പ്പിനെക്കുറിച്ചും നാദിര്‍ഷ പങ്കുവയ്ക്കുന്നു.
കടപ്പാട് : മലയാള മനോരമ
Post Your Comments