മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണി നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വര്‍ഷം. ആ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. അതിനിടയില്‍ ആരാധകരെ അമ്പരപ്പിച്ച് കലാഭവൻ മണിയുടെ പ്രതിമയില്‍ ‘ചോര’ തുള്ളികൾ.
ഇക്കഴിഞ്ഞ ദിവസം മുതൽ നടൻ കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്ത വർണ്ണത്തിലെ ദ്രാവകം ഇറ്റു വീഴുന്നത് പല മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. ചാലക്കുടി ചേനത്തുനാട്ടിൽ മണി സ്ഥാപിച്ച കലാഗൃഹത്തിനു മുന്നിലെ പ്രതിമയിൽ ആണ് ഈ അത്ഭുത പ്രതിഭാസം. എന്താണ് ഇതിനി പിന്നിലെ രഹസ്യമെന്ന അന്വേഷണത്തിലാണ് ആരാധകര്‍.
പ്രതിമ നിർമ്മിച്ച ഡാവിഞ്ചി സുരേഷ് സംഭവത്തെക്കുറിച്ച് പറയുനത് ഇങ്ങനെ.. ”ഫൈബറിലാണ് മണിച്ചേട്ടന്റെ പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രളയസമയത്ത് ഈ പ്രതിമ വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോൾ വെള്ളം പ്രതിമയ്ക്ക് ഉള്ളിൽ കയറിയിട്ടുണ്ടാകാം. ഇൗ പ്രതിമ നിർമിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളിൽ വെള്ളം കടന്നാൽ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോൾ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ചുവന്ന നിറത്തിൽ ദ്രാവകം പുറത്തേക്ക് വരുന്നത്. ഇൗ കൈയ്യുടെ രൂപം നിർമിക്കുമ്പോൾ അതിനുള്ളിൽ ഞാൻ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോൾ ഇൗ കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോൾ ചൂട് കൂടിയപ്പോൾ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകർ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നൽകരുതെന്ന അപേക്ഷ മാത്രമേയുള്ളൂ”
രണ്ടു ദിവസം തുടർച്ചായി ഇത്തരത്തിൽ പ്രതിമയിൽ നിന്നും ചുവന്ന ദ്രാവകം വന്നിരുന്നെന്നും ഇപ്പോൾ അതില്ലെന്നും മണിയുടെ സഹോദരന് ആര് എല്‍ വി രാമകൃഷ്ണനും വ്യക്തമാക്കി
Post Your Comments