വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ബാബു നമ്പൂതിരി. എന്നാല്‍ താന്‍ നായകനാകേണ്ട ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതായി ബാബു നമ്പൂതിരിയുടെ വെളിപ്പെടുത്തല്‍. എം.ടി.യുടെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് ബാബു നമ്പൂതിരിയെ ആയിരുന്നു. കുറച്ചു ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഒരു ദിവസം പ്രൊഡക്ഷൻ കൺട്രോളർ ബാബു നമ്പൂതിരിക്കടുത്തെത്തി. “ഒരു പ്രധാന കഥാപാത്രം കൂടി വരാനിരിക്കുന്നു. ഒന്നോ ഒന്നര ആഴ്ചയോ കാത്തിരിക്കേണ്ടി വരും. അതു വരെ ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ തിരികെ പോവുകയല്ലേ?” ഇത്രയും പറഞ്ഞു നമ്പൂതിരിയെ അവരുടെ തന്നെ വാഹനത്തിൽ മദ്രാസിൽ (ചെന്നൈ) എത്തിച്ചു. അവിടെ വച്ച് ശ്രീകുമാരൻ തമ്പിയെ ഫോണിൽ ബന്ധപ്പെട്ട് നേരിൽ കാണണമെന്ന് നമ്പൂതിരി ആഗ്രഹം അറിയിച്ചു. ആ കൂടിക്കാഴ്ച്ചയിൽ അവിടെ നടന്ന കാര്യങ്ങൾ വിവരിച്ചു.
“നമ്പൂതിരി ഇത്ര പാവായാലെങ്ങനെയാ, ഇങ്ങനെയുള്ള തിരിച്ചടികൾ എല്ലാരുടെ ജീവിതത്തിലും ഉണ്ടാവും. ഞാൻ കേട്ടത് അങ്ങനെയല്ല. അവർ നമ്പൂതിരിക്ക് പകരം മറ്റൊരാളെ തേടിക്കൊണ്ടിരിക്കയാണെന്നാണ് എന്റെ അറിവ്,” തമ്പി മറുപടി കൊടുത്തു. നായകനായി നമ്പൂതിരി വരേണ്ടിടത്ത് വന്നത് മമ്മൂട്ടി. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ ആദ്യകാലത്തായിരുന്നു ഈ സംഭവം. “എനിക്കാദ്യമായി അടി കിട്ടിയ ആ സിനിമയുടെ പേര് തൃഷ്ണ എന്നായിരുന്നു.” ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറയുന്നു.
Post Your Comments