ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് വിവാദങ്ങളില്‍ നിറഞ്ഞ ചിത്രമാണ്. സിനിമയില്‍ ഒന്നിച്ചഭിനയിച്ചെങ്കിലും പ്രിയയുമായി അടുപ്പത്തില്‍ അല്ലെന്നു നടി നൂറിനും സംവിധായകന്‍ ഒമര്‍ ലുലുവും പറഞ്ഞത് വലിയ ചര്‍ച്ചയായി. പ്രിയയും നൂറിനും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്രത്തില്‍ ടീച്ചറുടെ വേഷത്തില്‍ എത്തിയ നടി റോഷ്ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
”ചിത്രത്തിലെ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണ്. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയാ വാരിയര്‍ എന്ന നടി വലിയ പ്രശസ്തിയിലെത്തി. അതോടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് നിര്‍മ്മാതാവിന്റെ നിര്‍ബന്ധം കാരണം സംഭവിച്ചതാണ്. ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി.
ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിർമാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു. ‘
ആദ്യം നായികയായി എത്തുകയും സിനിമയുടെ പാതി വച്ച് മറ്റൊരാള്‍ നായികയാകുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ ചില അകല്‍ച്ചകള്‍ ഉണ്ടാകുമെന്നും അതോടെ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതെയായെന്നും റോഷ്ന പങ്കുവച്ചു.
Post Your Comments