
നീണ്ട ഇടവേളയ്ക്ക് ശേഷം നടന് സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തിയിരിക്കുകയാണ്. പ്രേക്ഷകരെപ്പോലെ തന്നെ താനും സുരേഷ് ഗോപിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നുവെന്ന് മകന് ഗോകുല്‍ സുരേഷ്. തന്റെ ആഹ്ലാദം അച്ഛനോട് നേരിട്ട് പ്രകടിപ്പിക്കാനും ഗോകുൽ മറന്നില്ല. കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷനിൽ സുരേഷ് ഗോപിയുടെ മക്കളായ ഗോകുലും ഇളയമകൾ ഭാവ്നിയും (ഭാവ്ന) എത്തുകയുണ്ടായി.
സുരേഷ് ഗോപി തന്നെയാണ് ഈ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘സെറ്റിലെത്തിയ ഗോകുൽ, എന്റെ അടുത്തുനിന്നും കുറച്ചുമാറി കൈകെട്ടി നിൽക്കുകയായിരുന്നു. പെട്ടന്ന് ‘അച്ഛാ’ എന്ന് വിളിച്ചതിനു ശേഷം അവൻ പറഞ്ഞു, ‘ലൈറ്റുകളെയും അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും അച്ഛൻ വീണ്ടും അഭിമുഖീകരിക്കുന്നതിൽ ഒരുപാട് സന്തോഷം. അച്ഛാ ഒത്തിരി സന്തോഷം തോന്നുന്നു. അച്ഛനെ എന്നും ഇങ്ങനെ കാണാനാണ് എനിക്ക് ആഗ്രഹം.’
അവന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽതട്ടി. എന്നാൽ സാമൂഹിക പ്രവർത്തകനെന്ന നിലയിൽ എന്നില്‍ ഭരമേൽപിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിൽ എനിക്ക് അവബോധമുണ്ട്. മാതൃരാജ്യത്തിനായി അത് നിറവേറ്റാൻ എന്തുവിലകൊടുക്കാനും ഞാൻ തയാറാണ്.’–സുരേഷ് ഗോപി പറഞ്ഞു.
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘തമിഴരശന്’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി അഭിനയ രംഗത്ത് വീണ്ടും എത്തുന്നത്. ഡോക്ടര്‍ കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിക്കുന്നത്.
Post Your Comments