CinemaMollywoodNEWS

ജോജുവിനെ ആഘോഷമാക്കിയവര്‍ ഇര്‍ഷാദിനെ മറക്കരുതേ: സിനിമാ ലോകം കാണ്ടേണ്ട കുറിപ്പുമായി സംവിധായകന്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലെത്തിയ ജോജു ജോര്‍ജ്ജ് എന്ന നടനെ പ്രേക്ഷക സമൂഹം ആഘോഷമാക്കിയത് അടുത്തിടെയാണ്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ്’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ്ജ് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും നേടിയാണ്‌ മലയാളത്തിന്റെ അഭിമാനമായി മാറിയത്, ജോസഫിനെയും, ജോജുവിനെയും സോഷ്യല്‍ മീഡിയ നിലയ്ക്കാത്ത കയ്യടികളോടെ ആഘോഷമാക്കിയപ്പോള്‍ ആ ചിത്രത്തിലെ തന്നെ മറ്റൊരു ശ്രദ്ധേയ വേഷം ചെയ്ത ഇര്‍ഷാദ് എന്ന നടനെ പ്രേക്ഷക സമൂഹത്തിന്റെ കണ്ണില്‍പ്പെടുത്തുകയാണ് വിസി അഭിലാഷ് എന്ന സംവിധായകന്‍.

ജോജു ജോർജ് എന്ന നടനുണ്ടായ ഉയർച്ച നല്ലൊരു ലക്ഷണമാണെങ്കിൽ ഇനി നമ്മൾ സംസാരിക്കേണ്ടത് ഇർഷാദ് എന്ന അഭിനേതാവിനെ കുറിച്ചാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വിസി അഭിലാഷ് പോസ്റ്റ്‌ ആരംഭിക്കുന്നത്.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ജോസഫ് എന്ന സിനിമ കണ്ടിട്ട് വന്ന രാത്രിയിൽ എഴുതി തുടങ്ങിയ കുറിപ്പാണിത്. ഇപ്പോൾ പൂർത്തീകരിച്ച് പോസ്റ്റുന്നു.’ജോസഫി’ലൂടെ ജോജു ജോർജ് എന്ന നടനുണ്ടായ ഉയർച്ച നല്ലൊരു ലക്ഷണമാണെങ്കിൽ ഇനി നമ്മൾ സംസാരിക്കേണ്ടത് ഇർഷാദ് എന്ന അഭിനേതാവിനെ കുറിച്ച് കൂടിയാണ്.ഇർഷാദിനെ പറ്റി, അയാളിലെ അഭിനേതാവിനെ പറ്റി അധികമാരും ഒരിടത്തും എഴുതിക്കണ്ടിട്ടില്ല.ഒരു കൗതുകത്തിനാണ് ഇദ്ദേഹത്തിന്റെ ഫിലിമോഗ്രാഫിയിലേക്ക് ഒന്ന് കണ്ണോടിച്ചത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഏറ്റവുമധികം പരീക്ഷണ സിനിമകളോട്/ നല്ല ചലച്ചിത്ര സംരഭങ്ങളോട് സഹകരിച്ച അഭിനേതാക്കളിൽ മുമ്പൻ ഇദ്ദേഹമാണ് എന്ന് ആ പട്ടിക തെളിവ് തരുന്നു. ടി വി ചന്ദ്രൻ, ഡോ. ബിജു, രഞ്ജിത്ത്, പ്രിയനന്ദനൻ, പി ടി കുഞ്ഞുമുഹമ്മദ്, കമൽ തുടങ്ങിയ പ്രതിഭാധനരായ ചലച്ചിത്രകാരന്മാർ വീണ്ടും വീണ്ടും ഈ നടനെ ഉപയോഗിക്കുന്നു. മാത്രമല്ല, ദൃശ്യം പോലെയുള്ള കൊമേഴ്‌സ്യൽ എന്റർടെയ്നറുകളിലും ഇർഷാദിന്റെ സാന്നിധ്യമുണ്ട്.എന്നാൽ ഈ നടനെ മലയാള സിനിമ കുറേക്കൂടി സീരിയസായി പരിഗണിയ്ക്കണമെന്നാണ് എന്റെ പക്ഷം.നമുക്ക് നഷ്‌ടപ്പെട്ടു പോയ കുറെ അഭിനയ പ്രതിഭകളുണ്ട്. മലയാളിത്ത മുഖമുള്ള മുരളിയും ഭരത് ഗോപിയും പോലുള്ളവർ. ഒറ്റയ്ക്കൊരു സിനിമയെ സ്വന്തം ചുമലിലേറ്റാൻ പ്രാപ്തിയുണ്ടായിരുന്നവർ. ജീവിച്ചിരുന്ന കാലത്ത് ആരാലും സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാതിരുന്നവർ. അവരുടെ തുടർച്ചയാണ് ഇർഷാദ് എന്ന് ഞാൻ വിശ്വസിക്കുന്നു. പാഠം ഒന്ന് ഒരു വിലാപത്തിലെ റസാക്കും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ വിശ്വനാഥനുമൊക്കെ ആ സാധ്യതയിലേക്കുള്ള ചൂണ്ടുപലകകളാണ്.കുറേ കൂടി മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തെ ഇനി കൂടുതലായി തേടി വരട്ടെ എന്ന് ഞാൻ ആശംസിക്കുകയും ചെയ്യുന്നു.അനുബന്ധം: ആളൊരുക്കത്തിൽ കബീർ മുഹമ്മദ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലേക്ക് ആദ്യം ചിന്തിച്ചിരുന്നത് ഇർഷാദിനെയാണ്. അതിനു തൊട്ടു മുൻപിറങ്ങിയ ചില സിനിമകളിൽ അദ്ദേഹം ചെയ്ത പോലീസ് വേഷങ്ങളുടെ സാമ്യത ഈ കഥാപാത്രത്തിനുണ്ടായിരുന്നു എന്നതിനാലാണ് മാറി ചിന്തിച്ചത്. (ആദരണീയനായ അലിയാർ സാറാണ് പിന്നീട് ആ വേഷം ചെയ്തത്.)കുറച്ച് ദിവസങ്ങൾക്ക് മുൻപ് എനിക്ക് ഇർഷാദിനെ ഫോണിലൂടെ പരിചയപ്പെടാൻ അവസരമുണ്ടായി. ഒമാനിലെ മസ്‌ക്കറ്റിൽ ഈ വരുന്ന ഏപ്രിൽ രണ്ടാം വാരം ടാലന്റ് സ്പേസ് എന്ന സംഘടന ഒരുക്കുന്ന പാട്ടുത്സവം എന്ന പരിപാടിയിൽ അതിഥികളായി സന്ദർഭവശാൽ ഞങ്ങൾ ഒരുമിച്ച് പങ്കെടുക്കുന്നുണ്ട് എന്നത് മറ്റൊരു സന്തോഷം.

shortlink

Related Articles

Post Your Comments


Back to top button