സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ജയസൂര്യയെ കുറിച്ചു ഛായാഗ്രാഹകനും സിനിമാസ്റ്റിൽ ഫോട്ടോഗ്രാഫറുമായ മഹാദേവന്‍ തമ്പിയുടെ കുറിപ്പ് വൈറല്‍. ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകൾക്കും കാത്തിരിപ്പിനും ഒടുവിൽ കൈവന്ന നിധിയാണ് സംസ്ഥാന പുരസ്കാരമെന്ന് അദ്ദേഹം കുറിക്കുന്നു. ഞാൻ മേരിക്കുട്ടി സിനിമയ്ക്കു വേണ്ടി ജയസൂര്യ പൂർണമായി സ്ത്രീയായി മാറിയിരുന്നുവെന്ന് മഹാദേവൻ പറയുന്നു.
മഹാദേവൻ തമ്പിയുടെ കുറിപ്പ്
നിധി…അത് എല്ലാവരുടെയു മുന്നിൽ വെളിപ്പെട്ടെന്ന് വരില്ല…ഓരോ നിധികളും കാലം കാത്തു വച്ചിരിക്കുന്നത് അർഹത ഉള്ളവരുടെ മുന്നിൽ യഥാസമയം വെളിപ്പെടുന്നതിനാണ്..അതിനു വേണ്ടി കഷ്ടപ്പെടണം കാത്തിരിക്കണം… ജീവിത വിജയങ്ങളും അതുപോലെ തന്നെ.. ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകൾക്കും കാത്തിരിപ്പിനും ഒടുവിൽ കൈവന്ന നിധി തന്നെയാണ് കേരള സർക്കാരിന്റെ ഈ ആദരം.
ഇങ്ങനെ ഒരു ഉപമ മറ്റാരേക്കാളും എനിക്ക് നടത്താനാകും. കാരണം ദൈവം അനുഗ്രഹിച്ച് ജയേട്ടന്റെ ഒപ്പം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത ഫോട്ടോഗ്രാഫർ ആരാണ് എന്ന ചോദ്യത്തിന് ചിലപ്പോ മഹാദേവൻ തമ്പി എന്ന ഒറ്റ ഉത്തരം മാത്രമേ കാണു..
ആരുടെ മുന്നിലും തല ഉയർത്തി നിന്ന് പറയാൻ എനിക്ക് കിട്ടിയ അനുഗ്രഹം.. ഇവർ വിവാഹിതരായാൽ മുതൽ ഞാൻ മേരിക്കുട്ടി വരെ.. അന്നുമുതല്‍ ഇന്നു വരെ ഒരു നടനെക്കാൾ ജയസൂര്യ എന്ന മനുഷ്യനെ അടുത്തറിയാൻ എനിക്ക് കഴിഞ്ഞു…
ജയേട്ടന്റെ മനസ്സിന്റെ പാതിയായ സരിതേച്ചിയോട് ജയേട്ടന് ഏറ്റവും ഇഷ്ടമുള്ള മൂന്നു കാര്യങ്ങൾ ഏതെന്നു ചോദിച്ചാൽ ഒന്നാമത് സിനിമ എന്നു പറയും . അപ്പൊ രണ്ടാമത്തേത് സരിതേച്ചി ആയിരിക്കും അല്ലെ എന്ന് ചോദിച്ചാൽ രണ്ടാമതും മൂന്നാമതും സിനിമ ആടാ.. അത് കഴിഞ്ഞേ നമുക്കൊക്കെ സ്ഥാനം ഉള്ളു എന്ന് ചിരിച് കൊണ്ട് പറയും.. ഓരോ സിനിമക്ക് വേണ്ടിയും ജയേട്ടൻ എടുക്കുന്ന പരിശ്രമവും അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിന് കൊടുക്കുന്ന പിന്തുണയും നേരിട്ട് കണ്ട് അറിയുകയും മാറി നിന്ന് നോക്കി ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ.. അതിന് ഏറ്റവും അടുത്ത ഉദാഹരണം ആണ് ഞാൻ മേരിക്കുട്ടി..
മേരിക്കുട്ടി എന്ന കഥാപാത്രം ആകുന്നതിന് മൂന്നു മാസം മുൻപ് മുതൽ അദ്ദേഹം ഈ കഥാപാത്രത്തെ മനസ്സുകൊണ്ട് സ്വീകരിക്കുകയായിരുന്നു.. ഷൂട്ട് തുടങ്ങിയപ്പോൾ ശരിക്കും ജയസൂര്യ എന്ന നടൻ മേരിക്കുട്ടി എന്ന സ്ത്രീ ആയി മാറിയിരുന്നു.. മനസ്സു കൊണ്ടും ശരീരം കൊണ്ടും… ഗെറ്റപ്പുകൾ ഓരോന്നായി മാറ്റി നോക്കുമ്പോഴും മേരിക്കുട്ടി എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള പൂർണ സ്വാതന്ത്ര്യം രഞ്ജിത്ത് ശങ്കർ ജയേട്ടന് നൽകിയിരുന്നു.
ഞാൻ ഇപ്പോഴും ഓർക്കുന്നു പൊതു സമൂഹത്തിൽ ഇറങ്ങുന്ന ഒരു സ്ത്രീയുടെ മുഖത്തു ഉണ്ടാകുന്ന എല്ലാ ഭാവങ്ങളും ഉത്കണ്ഠകളും ഷൂട്ടിങിന്റെ ഇടവേളകളിൽ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു.. ഉടുത്തിരിക്കുന്ന സാരിയുടെ ഫ്‌ളീറ്റ് ശരിയായാണോ കിടക്കുന്നത്.. തന്നെ ആരെങ്കിലും രൂക്ഷമായി നോക്കുന്നുണ്ടോ തുടങ്ങി പലതും..
ജയേട്ടന്റെ സ്വന്തം ഡിസൈനർ സരിതേച്ചിയുടെ വസ്ത്രാലങ്കാരവും റോണക്സ് സോവ്യർ എന്ന മേക്കപ്മാന്റെ കരസ്പർശവും കൂടി ചേർന്നപ്പോൾ ജയേട്ടൻ മേരിക്കുട്ടിയായി ജീവിക്കാൻ തുടങ്ങിയിരുന്നു….കാലങ്ങൾക്കു മുൻപ് തന്നെ ചതിക്കാത്ത ചന്തുവായും ഷാജി പാപ്പനായും പ്രേക്ഷകർ അംഗീകരിച്ച ജയേട്ടനെ കേരള സർക്കാർ സ്റ്റേറ്റ് അവാർഡ് നൽകി ആദരിക്കുമ്പോൾ അതിന് വഴിയൊരുക്കിയ സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞ ഭാഗ്യത്തിന് നന്ദി..നന്ദി നന്ദി…. നമ്മുടെ സ്വന്തം ജയേട്ടനെ ഇതിലും വലിയ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ ..
Post Your Comments