GeneralLatest NewsMollywood

നമുക്കിനിയും നയനമാരെ നഷ്ടപ്പെടുത്തേണ്ടി വരും

പെണ്‍കൂട്ടായ്മകള്‍ എത്രമാത്രം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് സംവിധായിക നയനയുടെ മരണമെന്നു മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി. ഒന്നിച്ചു നിന്നില്ലെങ്കില്‍ നമുക്കിനിയും നയനമാരെ നഷ്ടപ്പെടുത്തേണ്ടി വരുമെന്നും ഡബ്ല്യൂ.സി.സിയുടെ ഫേസ് ബുക്ക് പോസ്റ്റ്‌.

ഡബ്ല്യൂ.സി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വപ്നങ്ങള്‍ ഒപ്പം പങ്കുവച്ച പ്രിയ മിത്രം നയന സൂര്യന്‍ നമ്മെ വിട്ടു പോയ വിവരം ഉള്ള് പിടയാതെ പങ്കുവയ്ക്കാനാകില്ല. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്ത്രീ യാത്രകളുടെ സമാഹാരമായ ക്രോസ്സ്‌റോഡ്‌സ് എന്ന സിനിമയിലെ പക്ഷിയുടെ മണം എന്ന മനോഹരമായ കൊച്ചു സിനിമ നമുക്കായി ബാക്കി വച്ചാണ് അകാലത്തിലുള്ള ഈ വിടപറച്ചില്‍.

വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പക്ഷി വേട്ടയാടപ്പെടുന്നതിനെ പറക്കാന്‍ കൊതിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യ മോഹവുമായി എത്ര സത്യസത്യമായാണ് നയന ആ സിനിമയില്‍ കൂട്ടിയിണക്കുന്നത്. പ്രണയത്തിന്റെ കാലത്തെ പുരുഷനല്ല ദാമ്പത്യത്തിന്റെ കാലത്തിന്റെ പുരുഷന്‍ എന്ന വാസ്തവം ആ കൊച്ചു സിനിമ അനാവരണം ചെയ്യുന്നു. അത് അര്‍ഹിക്കുന്ന ബഹുമതികളോടെ നമുക്ക് കാണാനായോ എന്നത് സംശയമാണ്.

വലിയ കച്ചവട വിജയമാകുമ്പോള്‍ മാത്രം കണ്ണ് തുറക്കുന്നതാണ് സിനിമയുടെ കണ്ണുകള്‍. ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങള്‍ തന്നെയായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ. അത്രമേല്‍ ദുഷ്‌ക്കരമാണ് പുരുഷാധിപത്യ മൂലധന താല്പര്യങ്ങളും താരാധിപത്യ പ്രവണതകളും പിടിമുറുക്കി തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലേക്ക് സ്ത്രീക്ക് പ്രവേശനം അസാധ്യമാക്കായ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ.

ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒത്തുതീര്‍പ്പില്ലാതെ പിടിച്ചു നില്‍ക്കുക എന്നത് യുദ്ധമുഖത്ത് ജീവന്‍ നിലനിര്‍ത്തുന്നത് പോലെ സാഹസികമായ ഒരു യാത്ര തന്നെയാണ്. എപ്പോള്‍ കാണുമ്പോഴും ചെയ്യാനാഗ്രഹിക്കുന്ന സിനിമകളുടെ സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്. എന്നാല്‍ നടക്കാതെ പോകുന്ന സ്വപ്നങ്ങളെല്ലാം ഒരു വ്യക്തിയുടെ മാത്രം തലവേദനയാണ് എന്ന നിലയിലാണ് കാര്യങ്ങള്‍ .സമൂഹവും അത്രമേല്‍ സാമൂഹിക വിരുദ്ധമായി മാറി വരുന്നു.

കെ.എസ്.എഫ്.ഡി.സി.ചെയര്‍മാന്‍ കൂടിയായിരുന്ന തന്റെ ഗുരുനാഥന്‍ ലെനിന്‍ രാജേന്ദ്രന്റെ സമീപകാല സിനിമകളുടെയും നാടകങ്ങളുടെയുമൊക്കെ നെടുംതൂണായിരുന്നു നയന. പെണ്‍കൂട്ടായ്മകള്‍ എത്രമാത്രം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ മരണം നല്‍കുന്ന മുന്നറിയിപ്പ്. ഇല്ലെങ്കില്‍ നമുക്കിനിയും നയനമാരെ നഷ്ടപ്പെടുത്തേണ്ടി വരും. പ്രിയപ്പെട്ട നയനക്ക് വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആദരാഞ്ജലികള്‍!.

shortlink

Post Your Comments


Back to top button