നടന് മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. ഭദ്രന് ഒരുക്കിയ ഈ ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയമാണ്. ആടുതോമയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന്റെ പേരുമാറ്റണമെന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നതായി സംവിധായകന് ഭദ്രന് സഫാരി ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നിര്‍മ്മാതാവ് മോഹന്‍ ഈ ചിത്രത്തിന്റെ പേര് ആടുതോമ എന്നാക്കണം എന്നാണു ആവശ്യപ്പെട്ടത്. എന്നാല്‍ ആ പേരിടുന്നത് തന്റെ മരണത്തിന് തുല്യമാണെന്നു അദ്ദേഹം പറയുന്നു.
ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ സ്ഫടികം എന്ന പേര് മാറ്റുന്നതിനായി ചിത്രത്തിന്റെ നിര്‍മ്മാതാവ് മോഹന്‍ സാര്‍ ആവുന്നത് പോലെ പറഞ്ഞു. അതിന്റെ പേര് മാറ്റി ആടുതോമ എന്നിടാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ ഞാന്‍ പറഞ്ഞു ആടുതോമ എന്ന് പേരിട്ടാല്‍ അത് തന്റെ മരണത്തിന് തുല്യമാണ്. ഇത് ആടുതോമ അല്ല. ആടുതോമ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവത്തിന്റെ ആത്മപരിശോധനയാണ് സിനിമയുടെ കഥ. അതുകൊണ്ടല്ലേ ഇതിന് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് പറയുന്നത്. ഒരു പിതാവ് തന്റെ മകനെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്നാണ് സ്ഫടികത്തില്‍ പറയുന്നത്. അതുകൊണ്ടാണ് ആ ചിത്രത്തിന്റെ പര്യവസാനി ഒരു റൗഡിയുടെ മനംമാറ്റമായി മാറാതിരുന്നത്. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു അത്. സാധാരണ സിനിമകളില്‍ എല്ലാം റൗഡിയാണ് മനംമാറുന്നത്, എന്നാല്‍ ഇതില്‍ അങ്ങനെയല്ല. ഒരു അപ്പന് തന്നെ തിരിച്ചറിയുകയാണ് താന്‍ തന്നെ തന്റെ മകനെ തുലച്ചല്ലോ എന്ന്. അതുകൊണ്ടാണ് അപ്പന്റെ കാഴ്ചപ്പാടില്‍ ആ സിനിമയ്ക്ക് സ്ഫടികം എന്ന് പേരിട്ടത്.’
Post Your Comments