കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്കിയാല് വിവിധ പാര്‍ട്ടികളുടെ ആശയങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാമെന്ന് താരങ്ങള്‍ സമ്മതിക്കുന്ന വീഡിയോ സഹിതമാണ് കോബ്ര വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രസ്ക്ലബ്ബില്‍ ഉച്ചയ്ക്ക് 3.30ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ‘ഓപ്പേറഷന് കരോക്കെ’ എന്ന പേരില്‍ ഇതിനെ കുറിച്ചുള്ള രേഖകള്‍ പുറത്തുവിട്ടത്. സണ്ണി ലിയോണ്‍, ജാക്കി ഷ്റോഫ്, സോനു സൂദ്, വിവേക് ഒബ്റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍,അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മിഖാ സിങ്,അമീഷാ പട്ടേല്‍, മഹിമ ചൗധരി, തുടങ്ങി 36 സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കോബ്രയുടെ വെളിപ്പെടുത്തല്‍.
ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര് ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്ന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് പണം നല്കിയാല് തയ്യാറാണെന്ന് മിക്കവരും പറയുന്നു. കൂടാതെ ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നുമുണ്ട്. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. എന്നാല്‍ ബോളിവുഡ് താരങ്ങളായ വിദ്യ ബാലന്, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ലയെന്നും സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഈ താരങ്ങള്‍ പറഞ്ഞുവെന്നും കോബ്ര വ്യക്തമാക്കി.
Post Your Comments