ഡബ്ബിംഗ് ആര്‍ടിസ്റ്റായും അഭിനേത്രിയായും അവതാരകയായുമൊക്കെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. താരം തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനു ഇരയായിരുന്നു. ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനായി പോയ ഭാഗ്യലക്ഷ്മി തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടത് മുടിയല്ലെന്നും കീമോ കഴിഞ്ഞവരൊന്നും മുടിയെക്കുറിച്ചല്ല ആലോചിക്കുന്നതെന്നുമൊക്കെ വിമര്‍ശനവുമായി എത്തിയവര്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി നടത്തിയ മേക്കൊവര്‍ ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.
താന്‍ മുടി മുറിച്ച കാര്യം ഇത്രയും വലിയ വിഷയമാണോയെന്നും തന്റെ വീട്ടിലിരുന്ന് മക്കളുമായി സംവദിക്കുന്നതിന്റെ വീഡിയോയിരുന്നു മുറിച്ച് മാറ്റിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. ”മക്കളുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. അവരോട് താന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്. കൂട്ടുകാരിയെപ്പോലെയാണ് അവരോട് സംവദിക്കാറുള്ളത്. ഡാ പ്പൂ, സച്ചൂ അമ്മ മുടി വെട്ടിയെടാ എന്ന് തുടക്കത്തില്‍ പറയുന്നുണ്ട്. മക്കള്‍ക്ക് അയയ്ക്കുന്നതിനിടയില്‍ ആ വീഡിയോ മറ്റൊരു വ്യക്തിക്ക് കൂടി അയച്ചുപോയിരുന്നു. തുടക്കത്തിലെ വാക്കുകളും പറച്ചിലുമൊക്കെ കട്ട് ചെയ്തതിന് ശേഷം മറ്റെന്തൊക്കെയോ കൂട്ടിച്ചേര്‍ത്താണ് വീഡിയോ പ്രചരിച്ചത്. വീഡിയോ മാറി അയച്ചതിനെക്കുറിച്ച് മക്കളോട് പറഞ്ഞിരുന്നു. അത് കളയമ്മാ, അവര്‍ക്കോ വിവരമില്ല, അമ്മയ്‌ക്കെന്താ, അത് ഗൗനിക്കേണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. തുടക്കത്തില്‍ തന്നെ ഈ സംഭവം ബാധിച്ചിരുന്നുവെങ്കിലും പിന്നീടാലോചിച്ചപ്പോഴാണ് പ്രതികരിക്കേണ്ടതിനെക്കുറിച്ച് മനസ്സിലാക്കിയത്.”
Post Your Comments