നടന് മോഹന്‍ലാല്‍ സ്വകാര്യ കമ്പനിയുടെ ഖാദി വസ്ത്ര പരസ്യത്തില്‍ അഭിനയിച്ചത് വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു. സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് രംഗത്ത്. മോഹന്‍ലാലില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും അദ്ദേഹത്തോട് യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഖാദി ബോര്‍ഡിന് ഇല്ലെന്നും ശോഭന ജോര്‍ജ്ജ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന രംഗത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെതിരേ ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഖാദി ബോര്‍ഡ് സ്ഥാപനത്തിനും നടനും നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തരാം നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനെപ്പോലുള്ള ഒരു നടനോട് പാവപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകള്‍ ജോലി ചെയ്യുന്ന ഖാദി ബോര്‍ഡുപോലുള്ള ഒരു കുഞ്ഞു സ്ഥാപനം എന്തു ചെയ്യാനാണെന്നും അന്നന്ന് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങളാണ് ഇവിടെയുള്ളത്; അവരെയെല്ലാം തൂക്കിയെടുത്താലും മോഹന്‍ലാലിനോട് യുദ്ധം ചെയ്യാനാകില്ലെന്നും ശോഭന പറയുന്നു.
മാപ്പ് പറയണം എന്ന് പറയുന്നു. എന്ത് പറഞ്ഞ് മാപ്പ് പറയണം? അദ്ദേഹം പറയുന്നത് കൈത്തറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് എന്ന്. പിന്നെ എന്തിനാണ് സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അദ്ദേഹം അഭിനയിച്ചതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാല്‍ ഖാദിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വക്കീല്‍ നോട്ടസ് അയച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ സമീപിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.’ഇത് ഞങ്ങള്‍ തന്നെ നേരിടും. സര്‍ക്കാറിനെ സമീപിക്കുന്നില്ല. കൂടിപ്പോയാല്‍ തൂക്കിക്കൊല്ലും. അത്രയല്ലേയുള്ളൂ. എനിക്ക് ആ കാര്യത്തില്‍ ഒരു പേടിയുമില്ല’. ശോഭനാ ജോര്‍ജ്ജ് പറഞ്ഞു
Post Your Comments