എഴുപതുകളുടെ അവസാനത്തോടെ പ്രേം നസീര്‍ തരംഗം മലയാള സിനിമയില്‍ അവസാനിച്ചെങ്കിലും എണ്‍പതുകളുടെ തുടക്കത്തിലും പ്രേം നസീര്‍ തന്നെയായിരുന്നു മോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍, ആ സമയത്താണ് നവോദയ അപ്പച്ചനും ടീമും പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ചത്. ഫാസില്‍ എന്ന സംവിധായകന് കീഴില്‍ മോഹന്‍ലാലും ശങ്കറുമെല്ലാം ഉദയം ചെയ്തതോടെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമ മലയാളത്തിന്റെ പുണ്യമായി.
അന്നത്തെ കാലത്ത് പുതുമുഖങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ പറയാന്‍ ആരും തുനിയാത്ത വേളയിലാണ് നവോദയ അപ്പച്ചന്‍ സിനിമ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഫാസിലിനു നല്‍കിയത്, നിര്‍മ്മാതാവിന്റെ വിശ്വാസത്തെ തകിടം മറിക്കാതെ ഫാസില്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സ്ക്രീനില്‍ മനോഹരമാക്കി.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയോട് പ്രേക്ഷകര്‍ ആദ്യം മുഖം തിരിച്ചു, ചില റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ഒരാഴ്ച കൊണ്ട് സിനിമ മാറി, എന്നാല്‍ മൗത്ത് പബ്ലിസിറ്റിയോടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങി, പ്രേം നസീര്‍, ജയന്‍ ചിത്രങ്ങള്‍ക്ക് പുറമേ നവാഗതരെയും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു, കാലം കരുതിവച്ച സൂപ്പര്‍ താരമെന്ന പോലെ മോഹന്‍ലാല്‍ നരേന്ദ്രനായി പ്രേക്ഷക പ്രീതി നേടി. ശങ്കര്‍ നായകനായ ചിത്രത്തില്‍ പൂര്‍ണ്ണിമ ജയറാമാണ് നായികയായി വേഷമിട്ടത്. സിനിമ അന്‍പതും കടന്നു നൂറോളം ദിവസങ്ങള്‍ പിന്നിട്ടു, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തോടെ ഫാസില്‍ എന്ന സംവിധായകനും മലയാളത്തിനു സ്വന്തമായി, നേട്ടങ്ങളുടെ പട്ടികയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലയാളത്തിന്റെ പ്രിയ ചിത്രം റിലീസായത് 1980-ലെ ക്രിസ്മസ് ദിനത്തിലാണ്.
Post Your Comments