സംവിധായകന് ആഷിക്ക് അബു ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് വിലക്ക്. നിപ്പ വൈറസ് ബാധയെ അധികരിച്ച് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. ഈ ചിത്രത്തിന്റെ പേരും കഥയും തന്റേതാണെന്നു വ്യക്തമാക്കി സംവിധായകൻ ഉദയ് അനന്തൻ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ വൈറ്റ് എന്ന സിനിമയുടെ സംവിധായകനാണ് ഉദയ് അനന്തൻ. ആഷിക് ഒരുക്കുന്ന സിനിമയുടെ പേരും കഥയും കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ രജിസ്റ്റർ ചെയ്തതാണെന്ന് ഉദയ് അനന്തൻ വ്യക്തമാക്കി.
വൈറസിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാജ്യാന്തര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനും ചിത്രം മൊഴിമാറ്റുന്നതിനും വിലക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ആഷിക്ക് അബു വൈറസ് എന്ന സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ഉദയ് അനന്തന്റെ അഭിഭാഷകൻ പ്രതികരിച്ചു. സിനിമയുടെ പേരും കഥയും ഒന്നാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്ക് കത്തയച്ചിരുന്നുവെന്നും ഫെഫ്ക ആഷിക്ക് അബുവിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റിമ കല്ലിങ്കൽ ആണ് വൈറസ് നിര്‍മ്മിക്കുന്നത്. നിപ്പ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമയാണ്. ആരോഗ്യമന്ത്രി ശൈലജയായി രേവതിയും ചിത്രത്തിലെത്തുന്നുണ്ട്.
Post Your Comments