ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് നര്‍ത്തകിയും അഭിനേതാവുമായ ശ്രീജയ. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് കുടിയേറിയ കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീജയ തുറന്നു പറയുന്നു. ഭർത്താവ് മദനുമൊത്ത് ബെംഗളുരുവിലേക്ക് ആദ്യം താമസം മാറിയ ശ്രീജയ വളരെ താമസിക്കാതെ അവിടത്തെ ഡാന്‍സ് സ്കൂളും മറ്റും ഉപേക്ഷിച്ച് കാനഡയിലേക്ക് പോയി. എന്നാല്‍ ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച കാലഘട്ടമായിരുന്നു അത് എന്ന് താരം പറഞ്ഞു. അവിടെ മദന് നല്ല ഒരു ജോലി ലഭിച്ചുവെങ്കിലും തന്റെ സ്വപനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെറും കയ്യോടെ തിരിച്ചെത്തിയതും താരം പങ്കുവയ്ക്കുന്നു.
” കാനഡയില്‍ എല്ലാവർക്കും സമാജങ്ങളുടെ പരിപാടികൾക്കും മറ്റും അവതരിപ്പിക്കാനുള്ള ഇൻസ്റ്റന്റ് ഡാൻസ് മതി. രാവിലെ മദനും മോളും പോയിക്കഴിഞ്ഞാൽ വീട്ടില്‍ ഞാൻ തനിച്ചാകും. കുറച്ചു കഴിഞ്ഞപ്പോൾ ഡിപ്രഷൻ അടിച്ചു തുടങ്ങി. അവിടുത്തെ സാഹചര്യങ്ങളുമായി എനിക്കു പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഡാൻസ് ഉപേക്ഷിച്ച് മറ്റു വല്ല ജോലിക്കും ശ്രമിക്കാൻ ഒരുപാട് പേർ ഉപദേശിച്ചു. അന്നാട്ടിൽ എത്തിയിട്ട് മടങ്ങിയവർ വളരെ കുറച്ചേ ഉള്ളൂ.
എന്നാല്‍ ഡാൻസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അപ്പോൾ മദനാണ് പറഞ്ഞത് ശ്രീജയ നാട്ടിലേക്കു പൊയ്ക്കൊള്ളൂ എന്ന്. ഒരുപാട് പണവും അധ്വാനവുമൊക്കെ ചെലവഴിച്ചാണ് എത്തിയതെങ്കിലും തീരുമാനം എടുക്കാൻ ഞാൻ ഒരുനിമിഷം വൈകിയില്ല. മകളെയും കൊണ്ട് ഞാൻ തൊട്ടടുത്ത ഫ്ളൈറ്റിൽ ഞാൻ ബെംഗളുരുവിലേക്ക് തിരിച്ചു. വീടും കാറും ഒന്നുമില്ലാതെ വെറും കയ്യോടെയാണ് ഞാൻ അവിടെ വിമാനം ഇറങ്ങിയത്. ബെംഗളുരുവിൽ കോറമംഗലത്ത് ഉള്ളിലേക്ക് കയറി ഒരു വാടക വീട് സംഘടിപ്പിച്ചു. മൈഥിലിയെ അവിടെ അടുത്തുള്ള ഒരു സ്കൂളിൽ ചേർത്തു. ഒരു ചേരി കടന്നു വേണം അവിടേക്ക് പോകാൻ. കാറില്ലാത്തതിനാൽ നടന്നാണ് എന്റെ യാത്രകൾ. തുടക്കത്തിൽ അതൊക്കെ ബുദ്ധിമുട്ടായി തോന്നി. എന്നാൽ സാവധാനം ഞാൻ കരുത്താർജിച്ചു. അയിടയ്ക്ക് ‘ആയിരത്തിൽ ഒരുവൾ’ എന്ന സീരിയൽ ചെയ്തു. മുൻപ് എന്റെ ശിഷ്യരായിരുന്ന ചില കുട്ടികൾ മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്.
ചേട്ടനെയും കുടുംബത്തെയും വിട്ട് ഇടയ്ക്ക് അച്ഛനും അമ്മയും വന്നു നിൽക്കുന്നതൊഴിച്ചാൽ ഏറെക്കുറേ തനിച്ചായിരുന്നു ഞാൻ. കോറമംഗലത്താണ് ആദ്യം ഡാന്‍സ് സ്കൂള്‍ തുടങ്ങിയത്. ദൈവാനുഗ്രഹത്താൽ ഡാൻസ് സ്കൂൾ വേഗം വളർന്നു. ചുവടുറപ്പിച്ചതോടെ മദനും മടങ്ങിയെത്തി. ഇപ്പോൾ ശ്രീജയ സ്കൂൾ ഓഫ് ഡാൻസിന് അഞ്ചു ബ്രാഞ്ചുകളും അഞ്ഞൂറോളം വിദ്യാർഥികളുമുണ്ട്.”
കടപാട്: വനിത
Post Your Comments