
കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടന് വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും താന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും സേതുപതി പറഞ്ഞു.
സ്ത്രീകള്‍ ദൈവങ്ങളാണെന്നും അവര്‍ ഒരിക്കലും അശുദ്ധരല്ലെന്നും സേതുപതി അഭിപ്രായപ്പെട്ടു. ‘ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.’ സേതുപതി വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത അനുഭവവും താരം പങ്കുവച്ചു. ‘ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം.’ കൂടാതെ ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് പത്ത് കോടി നല്കിയ മുഖ്യമന്ത്രിയ്ക്ക് വിജയ് സേതുപതി നന്ദി പറഞ്ഞു.
Post Your Comments