‘കുട്ടന്‍ തമ്പുരാന്‍’ എന്ന കഥാപാത്രമാണ് നടന്‍ മനോജ് കെ ജയനെ പ്രേക്ഷകര്‍ക്കിടയിലെ താരമാക്കിയത്, ഹരിഹരന്‍ സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രം മലയാള സിനിമ കണ്ട ഏറ്റവും ശക്തമായ പാത്ര സൃഷ്ടികളില്‍ ഒന്നായിരുന്നു. ‘പെരുന്തച്ചന്‍’ എന്ന സിനിമയിലെ വേഷമാണ് മനോജ് കെ ജയന് വഴിത്തിരിവായത്.
“സിനിമാ ജീവിതത്തിലെ പ്രധാന ഒരു ഏട് മമ്മൂട്ടി ആദ്യമായി സംസാരിച്ച നിമിഷമാണെന്ന് വ്യക്തമാക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലത്താണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ഒരു സിനിമ ചെയ്തത്. അന്ന് ആ സിനിമയുടെ ഡബ്ബിംഗിനായി സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ അവിടെ മമ്മുക്ക ഉണ്ട്, ‘മതിലുകള്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ വന്നതാണ് അദ്ദേഹം, ഡബ്ബ് ചെയ്തു പുറത്തിറങ്ങുമ്പോള്‍ എന്നെ ശ്രദ്ധിച്ചു, നേരത്തെ ഒരു തവണ മമ്മുക്കയെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്, ‘കരിയിലക്കാറ്റ് പോലെ’ എന്ന പത്മരാജന്‍ സാറിന്റെ ലൊക്കേഷനില്‍ വച്ച്, എന്നാല്‍ മമ്മുക്ക എന്നെ തിരിച്ചറിഞ്ഞത് ആ പരിചയം കൊണ്ടായിരുന്നില്ല, അന്ന് ദൂരദര്‍ശനില്‍ ആദം അയൂബ് സാര്‍ സംവിധാനം ചെയ്ത എന്റെ ഒരു സീരിയല്‍ നടക്കുന്നുണ്ട്, ‘കുമിളകള്‍’, മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി കൊണ്ടിരിക്കുന്ന കുമിളകള്‍ മമ്മുക്ക ശ്രദ്ധിക്കാറുണ്ടായിരുന്നു, അങ്ങനെയാണ് എന്നെ തിരിച്ചറിഞ്ഞത്.
“നിങ്ങള്‍ ആ കുമിളകള്‍ സീരിയലില്‍ അഭിനയിക്കുന്ന ആളല്ലേ, ഞാന്‍ കാണാറുണ്ട് നിങ്ങളുടെ പ്രകടനം ഗംഭീരമാണ്”, ഇതായിരുന്നു മമ്മുക്ക അന്ന് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞത്, ഇതില്‍പ്പരം മറ്റൊരു സന്തോഷമുണ്ടായിരുന്നില്ല എനിക്ക്
പിന്നീടു മമ്മുക്കയെ കാണുന്നത് മണിരത്നം സാറിന്റെ ഓഫീസില്‍ വച്ചാണ്. ‘ദളപതി’യില്‍ അവസരം കിട്ടിയ സമയത്ത് മണിരത്നം സാറിന്റെ ഓഫീസില്‍ പോയിരുന്നു, മണിരത്നം സാര്‍ തിരക്കിലാണെന്നും അകത്ത് മാറ്റാരോ ആയി ചര്‍ച്ചയിലാണെന്ന് അറിയിച്ചതോടെ അവിടെ ആരാണെന്ന് ഞാന്‍ അന്വേഷിച്ചു ഉടന്‍ ഉത്തരം വന്നു “മമ്മൂട്ടിയാണ്”, അത് എനിക്ക് വല്ലാത്ത ആശ്വാസമായി, പുറത്തിറങ്ങിയപ്പോള്‍ മമ്മുക്ക എന്നെ കണ്ടു എന്നിട്ട് മണിരത്നത്തിനോട് പറഞ്ഞു. “എനിക്ക് അറിയാം നല്ല കഴിവുള്ളയാളാ”, മമ്മുക്കയെ പോലെയുള്ള വലിയ ലെജന്‍ററുടെ ഇത്തരം വാക്കുകള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും മനോജ് കെ ജയന്‍ പങ്കുവയ്ക്കുന്നു.
Leave a Comment