GeneralLatest NewsMollywood

അച്ഛന്‍ മോര്‍ച്ചറിയില്‍; കതിര്‍ മണ്ഡപത്തില്‍ ഇരിക്കുന്ന മകളെ മരണം അറിയിക്കാതെ വിവാഹം നടത്തിയതിനെക്കുറിച്ച് നടി ഗിരിജാ രവീന്ദ്രന്‍

നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് ഗിരിജാ രവീന്ദ്രന്‍. 1987 ല്‍ മധു മോഹന്‍ സംവിധാനം ചെയ്ത ‘മഞ്ഞുരുകുമ്പോള്‍’ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ഗിരിജ സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്നു. അഭിനയത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു ഗിരിജ. 1995 മുതല്‍ 2000 വരെ സിപിഐയെ പ്രതിനിധീകരിച്ച് കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു താരം. എല്ലാ അച്ഛനമ്മമാരും ഏറ്റവും അധികം സ്വപ്നം കാണുന്ന ഒന്നാണ് മക്കളുടെ വിവാഹം. എന്നാല്‍ മകളുടെ വിവാഹദിനത്തില്‍ അച്ഛന്റെ മരണവാര്‍ത്ത മറച്ചു വയ്ക്കേണ്ടിവന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ ഗിരിജ

അച്ഛന്റെ മരണം മറച്ചു വച്ച് മകളുടെ വിവാഹം നടത്തിയ വികാരനിര്‍ഭരമായ  നിമിഷത്തെക്കുറിച്ച് ഗിരിജയുടെ വാക്കുകള്‍….” 2012 ഡിസംബര്‍ 23 നായിരുന്നു ഗിരിജയുടെയും രവീന്ദ്രന്റെയും മകളുടെ വിവാഹം. രഞ്ജിത് എന്നാണ് മരുമകന്റെ പേര്. ഈ വിവാഹത്തിനു തലേ ദിവസം, അതായത് ഡിസംബര്‍ 22 രാത്രി ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരുന്ന രവിയേട്ടന് പൊടുന്നനെ ഒരു ശ്വാസംമുട്ടല്‍ ഉണ്ടായി. ഹൃദ്രോഗത്തിനു മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നതുകൊണ്ട് തന്നെ എന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. കൊയിലാണ്ടിയിലെ സഹകരണ ആശുപത്രിയില്‍ ആദ്യം എത്തിച്ചെങ്കിലും എന്നാല്‍ നില വഷളായതോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. 

എന്നാല്‍ വെളുപ്പിന് അഞ്ചു മണിക്ക് ആശുപത്രിയില്‍ നിന്നു ഫോണ്‍ വന്നു. ‘രവിയേട്ടന്‍ പോയി, പിടിച്ച് നില്‍ക്കണം’ ഇതായിരുന്നു വിവരം. ‘ആരും ഇപ്പോള്‍ ഒന്നും അറിയരുത്’ എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. രഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ഗിരിജ എന്തു വേണമെങ്കിലും തീരുമാനിച്ചോളൂ, ഞങ്ങള്‍ കൂടെയുണ്ട്’ എന്ന മരുമകന്റെ വീട്ടുകാര്‍ പറഞ്ഞ മറുപടി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അവരെ കൈകൂപ്പി തൊഴാന്‍ തോന്നുമെന്നും ഗിരിജ പറയുന്നു.

 വിവാഹത്തിനു മൂന്നു ദിവസം മുമ്പു രവിയേട്ടന്‍   ‘എടോ, ഞാന്‍ കല്യാണത്തിന് ഉണ്ടാവും എന്നു തോന്നുന്നില്ല. എന്റെ മനസ്സ് അങ്ങനെ പറയുന്നു. എന്തു സംഭവിച്ചാലും കല്യാണം നടക്കണം.’ എന്ന് പറഞ്ഞിരുന്നു.  ആ വാക്കുകള്‍ അറംപറ്റി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മകളുടെ വിവാഹം.

വിവാഹ ദിവസം മോള്‍ അച്ഛനെ അന്വേഷിച്ചു കൊണ്ടിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നു മാത്രമാണു താന്‍ പറഞ്ഞത്. മകന്‍ രാഹുലിനു ചെറിയ ചില സംശയങ്ങള്‍ തോന്നിയിരുന്നുവെങ്കിലും അവന്‍ എന്നോടൊന്നും ചോദിച്ചില്ല. താലികെട്ട് ആകുമ്പോഴേക്കും അച്ഛന്‍ എത്തുമെന്ന വിസ്വസത്തിലായിരുന്നു മകള്‍. കതിര്‍ മണ്ഡപത്തില്‍ ദക്ഷിണ നല്‍കാന്‍ കാത്തു നിന്ന മകളോട് അച്ഛന്‍ മോര്‍ച്ചറിയിലാണ് എന്നു പറയാന്‍ കഴിയാതെ താന്‍ നിന്നു. ‘അച്ഛന്‍ ചടങ്ങൊക്കെ വിഡിയോയില്‍ കണ്ടോളും…’ എന്നു പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിച്ചു. പിന്നെ ആരുടെയും കണ്ണില്‍പ്പെടാതെ ഒരിടത്തു മാറിനിന്നു കരഞ്ഞു.

അങ്ങനെ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു. മോളെ യാത്രയാക്കിയിട്ടു ഞാന്‍ ആശുപത്രിയിലേക്ക് പോയി. രവിയേട്ടനെ കണ്ടു. ‘എല്ലാം ഭംഗിയായി നടന്നു രവിയേട്ടാ…’ തണുത്തുറഞ്ഞ ആ കാല്പാദത്തില്‍ പിടിച്ച് ഞാന്‍ കരഞ്ഞു. പിറ്റേന്നു മോളെയും കൊണ്ടു രഞ്ജിത്തും വീട്ടുകാരും വന്നു. വീട്ടിലെത്തിയപ്പോഴാണ് അച്ഛന്‍ പോയ വിവരം എന്റെ കുഞ്ഞ് അറിയുന്നത്. രവിയേട്ടൻ പോയിട്ട് ഏഴു വർഷം ആവുന്നു. ഇപ്പോഴും ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ‘എടോ… കല്യാണത്തിനു ഞാൻ ഉണ്ടാവില്ല എന്ന് എന്റെ മനസ്സു പറയുന്നു. എന്തു വന്നാലും മോൾടെ കല്യാണം മാറ്റിവയ്ക്കരുത്.’

കടപ്പാട് : വനിത

shortlink

Related Articles

Post Your Comments


Back to top button