നടന്മാരും സംവിധായകരും തമ്മിലുള്ള സ്നേഹ ബന്ധവും ഹൃദയ ബന്ധവും ഒരു സിനിമയുടെ മികവില്‍ വലിയ പങ്കാണ് വഹിക്കുന്നത്. അത്തരമൊരു ബന്ധമാണ് നടന്‍ വിജയരാഘവനും സംവിധായകന്‍ ജോണി ആന്റണിയും തമ്മിലുള്ളത്. ജോണി ആന്റണിയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള വിജയരാഘവന്‍ തന്റെ ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് വ്യക്തമാക്കുകയാണ് ജോണി ആന്റണി.
“ചിത്രീകരണത്തിനിടെ എന്തേലും സാഹസിക രംഗങ്ങള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടേട്ടന്‍ അതില്‍ ഇടപ്പെടും അവര്‍ക്ക് അപകടം പറ്റില്ലേ നീ അതൊക്കെ ശ്രദ്ധിച്ചു ചെയ്യൂ എന്നൊക്കെ പറയും, കുട്ടേട്ടന്‍ അതൊക്കെ നോക്കുന്നത് എന്തിനാ എന്നൊക്കെ പറഞ്ഞു ഞാനും സ്നേഹത്തോടെ മറുപടി നല്‍കും. സെറ്റിലുള്ള മറ്റുള്ള എല്ലാ താരങ്ങളുടെയും, ടെക്നീഷ്യന്‍മാരുടെയും സുരക്ഷയെക്കുറിച്ചൊക്കെ കുട്ടേട്ടന്‍ ബോധവാനാണ്. ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന നടനാണ് അദ്ദേഹം”. ഒരു ടിവി അഭിമുഖ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ജോണി ആന്റണി മനസ്സ് തുറന്നത്.
സംവിധായകനില്‍ നിന്ന് അഭിനയ രംഗത്തേക്ക് ചുവടുറപ്പിക്കുന്ന ജോണി ആന്റണി ഇപ്പോള്‍ തിരക്കുള്ള മലയാള നടനായി മാറികഴിഞ്ഞു. ഡ്രാമ പോലെയുള്ള രഞ്ജിത്ത് ചിത്രത്തില്‍ പ്രാധാന്യമേറിയ റോളില്‍ അഭിനയിച്ച ജോണി ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്റെതായ സ്പേസ് കണ്ടെത്തി കഴിഞ്ഞു.
Post Your Comments