സിനിമയുടെ ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായ നിരവധി സംഭവവികാസങ്ങള്‍ അരങ്ങേറാറുണ്ട്. അങ്ങനെയൊരു സംഭവമാണ് മമ്മൂട്ടി നായകനായ ‘ന്യൂഡല്‍ഹി’ എന്ന സിനിമയില്‍ അരങ്ങേറിയത്. ജോഷി -ഡെന്നിസ് ജോസഫ് ടീമിന്റെ ന്യൂഡല്‍ഹി എന്ന സിനിമയ്ക്കായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം ഒരുലക്ഷം രൂപയായിരുന്നു, സിനിമയുടെ ഒരു രംഗം ഹോട്ടലില്‍ ചിത്രീകരിക്കാനായി തീരുമാനിച്ചപ്പോള്‍ ഹോട്ടല്‍ അധികൃതരും ഇതേ തുക ആവശ്യപ്പെട്ടു. ആ ഹോട്ടലില്‍ നിന്ന് മാറി ആ സീന്‍ എടുക്കാനാകാത്ത സാഹചര്യത്തില്‍ ഒറ്റ സീനിനു വേണ്ടി ഒരുലക്ഷം രൂപ നല്‍കാമെന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ് സമ്മതിച്ചു.
പക്ഷെ ഹോട്ടലിന്റെ മാനേജര്‍ ഒരു മലയാളിയായതിനാല്‍ ചിത്രീകരണത്തിന്റെ കാര്യങ്ങളും ഇടപെടുകയും, മലയാള സിനിമ ആയതിനാല്‍ തന്നെ ഒറ്റപൈസ ചിത്രീകരണത്തിനായി തരേണ്ട എന്ന സന്തോഷകരമായ വാര്‍ത്ത അണിയറപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. മാത്രമല്ല ആ സീന്‍ അവിടെ ചിത്രീകരിച്ചപ്പോള്‍ സെറ്റിലെ എല്ലാവര്ക്കും ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കി. പ്രതിഫലമായി ഹോട്ടലിന്റെ പേര് സിനിമയില്‍ കാണിക്കണമെന്ന് അറിയിച്ച ഹോട്ടല്‍ അധികൃതര്‍ ന്യൂഡല്‍ഹിയുടെ അണിയറ പ്രവര്‍ത്തകരെ വലിയ ഒരു തുകയില്‍ നിന്ന് ഒഴിവാക്കി ചിത്രീകരണം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
1987-ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി മമ്മൂട്ടിയുടെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഡെന്നിസ് ജോസഫ് രചന നിര്‍വഹിച്ച ചിത്രത്തില്‍ സുരേഷ് ഗോപി, സുമലത, ഉര്‍വശി എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments