മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ തന്റെയും ചേട്ടന്റെയും വ്യത്യസ്തമായ പേരിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു തുറന്നു പറയുന്നു. മോഹന്‍ലാലിന്റെ ചേട്ടന്റെ പേര് പ്യാരിലാല്‍ എന്നാണു. കേരളത്തില്‍ സാധാരണയായി കേള്‍ക്കുന്ന പേരുകള്‍ അല്ലായിരുന്നു ഇത്. എന്നാല്‍ തനിക്കും ജേഷ്ടനും പേരിട്ടത് അമ്മൂമ്മയുടെ അച്ഛനാണ് എന്നാണ് താരം പറയുന്നത്. മാധ്യമപ്രവർത്തകനായ എ.ചന്ദ്രശേഖർ നടത്തിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
രാഷ്ട്ര പിതാവിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒട്ടും കേരളീയമല്ലാത്ത പേരാണു മോഹന്‍ലാല്‍ എന്നത്. അതുകൊണ്ട് തന്നെ ഈ പേര് വ്യക്തി/ തിര ജീവിതങ്ങളിൽ സ്വാധീനിച്ചതെങ്ങനെ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ.. ”നെഗറ്റീവായിട്ടൊന്നും ബാധിച്ചിട്ടില്ല. നിങ്ങൾ പറഞ്ഞതുപോലെ, മോഹൻലാൽ എന്നത് അന്ന് അത്യപൂർവമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പൻ അങ്ങനൊരു പേരിടുമ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാൻ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവർ സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം.
സ്കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരിൽ എന്നെ വിളിക്കൂ. അടുപ്പമുള്ളവർ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോൾ.. ആ വിളിയുടെ ഒരു ഈണം, താളം… ഒക്കെയുണ്ടല്ലോ… ദാസേട്ടാ… എന്നു യേശുദാസിനെ വിളിക്കുന്നതുപോലെ. എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോൾ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.”
എ.ചന്ദ്രശേഖർ നടത്തിയ അഭിമുഖം ‘മോഹനരാഗങ്ങൾ’ എന്ന പേരിൽ ഒരു പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments