ഇന്ത്യയ്ക്ക് അഭിമാനമായ ഒരു മലയാളിയാണ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി. അദ്ദേഹം ശബ്ദ വിന്യാസം നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് വികെ പ്രകാശ് സംവിധാനം പ്രാണ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയില്‍ തയാറാക്കിയ സിനിമയാണ് പ്രാണ.
നിത്യാ മേനോന്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് തങ്ങളുടെ പ്രയത്‌നത്തിന്റെ ഫലം ഇല്ലാതാക്കുന്ന തരത്തിലാണ് പല മള്‍ട്ടിപ്ലക്‌സുകളും സാങ്കേതിക ക്രമീകരണം നടത്തിയിരിക്കുന്നതെന്നും ഇത് സിനിമയുടെ അനുഭവത്തെ കുറയ്ക്കുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. എന്നാല്‍ ഡി സിനിമാസ്, തൃശൂര്‍ രാഗം പോലുള്ള സിംഗിള്‍ സ്‌ക്രീനുകളില്‍ മികച്ച രീതിയില്‍ സിനിമയ്ക്ക് ഉചിതമായ ശബ്ദ ക്രമീകരണമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില വന്‍കിട മള്‍ട്ടിപ്ലെക്‌സുകളില്‍ വിവിധ ഭാഷാ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. അതനുസരിച്ച് മലയാളത്തിന്റെ ലെവലല്ല തമിഴിന്, അതല്ല ബോളിവുഡിനോ ഹോളിവുഡിനോ. പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായത്. അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ സാംസ്‌കാരിക മന്ത്രി എം എ ബേബിക്ക് നിവേദനം നല്‍കിയിരുന്നു. ഒരു ഏകീകരണം ഇത്തരം കാര്യങ്ങളിലുണ്ടാകാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിച്ച് ശ്രമിക്കണമെന്നും പൂക്കുട്ടി പറഞ്ഞു.
https://www.facebook.com/PraanaOfficial/videos/308682006442472/
‘ഏറ്റവും മികച്ച ശബ്ദ, ദൃശ്യ ക്രമീകരണങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്നതാണ് പ്രധാനം. അല്ലാതെ പോപ്‌കോണും സമൂസയും നല്‍കുന്നതല്ല. അത് കൊടുക്കാതെ മറ്റെല്ലാം കൊടുത്തുകൊണ്ട് സിനിമാനുഭവം നല്‍കുന്ന കാര്യത്തില്‍ മള്‍ട്ടിപ്ലെക്‌സുകള്‍ പ്രേക്ഷകരെ ചതിക്കുഴിയിലേക്ക് തള്ളിയിടുകയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments