
മലയാളികളുടെ മാത്രം സ്വാകാര്യ അഹങ്കാരമായ മോഹൻലാലിന് വിദേശത്തുമുണ്ട് ആരാധകർ. അതിന് ഉദാഹരണമാണ് കുവൈത്ത് സ്വദേശിയായ നാദിയ. മലയാളികളെപ്പോലെ തന്നെ നദിയക്ക് മോഹൻലാലിനെ വലിയ ഇഷ്ടമാണ്. വെറും ഇഷ്ടമല്ല, കടുത്ത ആരാധനയെന്നു പറയാം. താരത്തെ ഒന്നു നേരിൽ കാണുകയെന്നതായിരുന്നു. അതും ഇപ്പോൾ സാധിച്ചിരിക്കുകയാണ്.
ഭിന്നശേഷിക്കാരിയായ, വീല്‍ചെയറില്‍ ജീവിക്കുന്ന 36 കാരിയായ നാദിയ തന്റെ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ്. കുവൈത്തിൽ നടന്ന സ്‌റ്റേജ് ഷോയ്ക്കെത്തിയ മോഹൻലാൽ നാദിയയുടെ ആഗ്രഹമറിഞ്ഞ് ഷോയ്ക്കിടെ കാണാമെന്ന് പരിപാടിയുടെ സംഘാടകരെ അറിയിക്കുകയായിരുന്നു.
ഇഷ്ട താരം അടുത്തെത്തിയപ്പോൾ നാദിയ ആദ്യം പറഞ്ഞത് ‘‘എന്നാ എന്നോടു പറ ഐ ലവ് യൂന്ന്’’ എന്നാണ്. ലാലേട്ടൻ ‘‘ഐ ലവ് യു’’ പറഞ്ഞപ്പോൾ, ഉടന്‍ വന്നു നാദിയയുടെ മറുപടി ‘‘പോ മോനേ ദിനേശാ… സവാരി ഗിരി ഗിരി…’’ സദസ്സും താരവും ആസ്വദിച്ചു ചിരിച്ച നിമിഷങ്ങൾ.
ജന്മനാ വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയ്ക്ക് കൈകാലുകള്‍ ചെറിയതോതില്‍ അനക്കാമെന്നേയുള്ളൂ. പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താനാകില്ല. കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമദി ആശുപത്രിയിലായിരുന്നു നാദിയയുടെ ജനനം. മാതാപിതാക്കള്‍ ആരെന്നറിയില്ല. നഴ്സുമാരുടെ പരിചരണത്തിലാണു വളര്‍ന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാരില്‍നിന്ന് അവരുടെ ഭാഷകള്‍ പഠിച്ചു. അങ്ങനെയാണു മലയാളസിനിമകള്‍ കാണുന്നതും മോഹന്‍ലാലിന്റെ ആരാധികയാകുന്നതും.
സ്റ്റേജിലേക്കു കയറിയാല്‍ വീല്‍ചെയറിന്റെ അലൈന്‍മെന്റ് മാറുമെന്നറിഞ്ഞതോടെ ലാല്‍ സ്റ്റേജില്‍നിന്നിറങ്ങി നാദിയയുടെ അടുത്തെത്തി. കൈയില്‍ കരുതിയ സമ്മാനവും നാദിയയുടെ നെറുകയില്‍ ചുംബനവും നല്‍കി, ഒപ്പം നിന്ന് ചിത്രവുമെടുത്താണ് താരം മടങ്ങിയത്.
Post Your Comments