CinemaKollywoodMollywoodNEWS

മണിരത്നം പ്രതികാരം ചെയ്തു: പൃഥ്വിരാജ് പിന്നീട് അത് ചോദിച്ചു

ഒരിക്കല്‍ മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിനെ കോളിവുഡിന്റെ ഹിറ്റ് ഫിലിം മേക്കര്‍ മണിരത്നം സന്ദര്‍ശിക്കുകയുണ്ടായി, ‘തന്റെ പുതിയ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാമോ’ എന്നായിരുന്നു മണിരത്നത്തിന്റെ ചോദ്യം, തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞ ‘ന്യൂഡല്‍ഹി’ എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ തന്നെ മണിരത്നം തന്‍റെ സിനിമയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.

മണിരത്നം സിനിമ എഴുതാന്‍ അവസരം ലഭിച്ച ഡെന്നിസ് ജോസഫ് മണിരത്നത്തിന്റെ ക്ഷണം സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ‘അഞ്ജലി’ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടെ ഡെന്നിസ് ജോസഫ് സിനിമയുടെ രചനയില്‍ നിന്നു പിന്മാറി അതിനു കാരണമായത് മലയാളത്തിലെ മറ്റൊരു ഹിറ്റ് സിനിമയാണ്, ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ്‌മെയില്‍’ എന്ന സിനിമ ഒരുതരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മനസില്ലാ മനസ്സോടെ ഡെന്നിസ് ജോസഫ് മണിരത്നം സിനിമ ഉപേക്ഷിച്ചു, എന്നാല്‍ മണിരത്നത്തിന്റെ മനസ്സില്‍ അതൊരു ചെറിയ പ്രതികാരമായി തന്നെ അവശേഷിച്ചു. അഞ്ജലി എന്ന സിനിമയുടെ രചന സ്വയം ഏറ്റെടുക്കുകയും അതിലെ പ്രതിനായക കഥാപാത്രത്തിന് ഡെന്നിസ് ജോസഫ് എന്ന പേര് നല്‍കി മണിരത്നം തന്റെ പ്രതികാരം ഇരട്ടിയാക്കുകയും ചെയ്തു.

മറ്റൊരു അവസരത്തില്‍ നടന്‍ പൃഥ്വിരാജ് ഡെന്നിസ് ജോസഫിനെ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു “ചേട്ടാ മണിരത്നം സിനിമ എഴുതാന്‍ അവസരം കിട്ടിയിട്ടും എന്താണ് ചെയ്യാതിരുന്നത്?”. അത് വല്ലാത്ത നഷ്ടമായിരുന്നുവെന്ന് ഡെന്നിസ് ജോസഫ് മറുപടിയും നല്‍കി.

മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ഡെന്നിസ് ജോസഫ് ടി. ദാമോദരന് ശേഷം മലയാള സിനിമ കണ്ട മികച്ച വാണിജ്യ തിരക്കഥാകൃത്തായിരുന്നു. വെറുമൊരു കച്ചവട സിനിമ എന്നതിനപ്പുറം ആഴമുള്ള രചനാപാടവം ഡെന്നിസ് ജോസഫ് സിനിമകളില്‍ ദര്‍ശിക്കാമായിരുന്നു. മോഹന്‍ലാലിനും, മമ്മൂട്ടിക്കും സൂപ്പര്‍താരകിരീടം ചാര്‍ത്തി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അനേകം സിനിമകള്‍ ഡെന്നിസ് ജോസഫ് എന്ന രചയിതാവിന്റെ തൂലികയില്‍ നിന്ന് പിറന്നു വീണിട്ടുണ്ട്.

(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ ഡെന്നിസ് ജോസഫ് പങ്കുവച്ചത്)

shortlink

Related Articles

Post Your Comments


Back to top button