ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമാ മേഖലയിലെത്തിയ വിജയ് സേതുപതി ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ അനുകമ്പ കാണിക്കുന്ന അദ്ദേഹത്തെ ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്നത് മക്കൾ സെൽവം എന്നാണ്. എന്തുകൊണ്ടും ആ പേര് അദ്ദേഹത്തിന് യോജിക്കുന്നതുമാണ്.
മക്കൾ സെൽവത്തിന്റെ 41ാം ജന്മദിനമാണ് ഇന്ന്. ഇതൊരു ആഘോഷമാക്കി മാറ്റിയിരിക്കുയാണ് ആരാധകർ. സമൂഹമാധ്യമങ്ങളിൽ എവിടെ നോക്കിയാലും താരത്തിന് ആരാധകരുടെ ആശംസാപ്രവാഹമാണ്. ആശംസ അറിയിക്കാൻ മലയാളികളും മുമ്പിൽ തന്നെയാണ്.
സിനിമാക്കഥയേക്കാള്‍ ആകാംക്ഷാഭരിതമായ ജീവിതമാണ് സേതുപതിയുടേത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് സേതുപതി ജോലി തേടി നാടുവിട്ടു, എത്തിച്ചേര്‍ന്നത് ദുബായിലായിരുന്നു. അവിടെ മൂന്ന് വര്‍ഷം അക്കൗണ്ടന്റ് ആയി ജോലി നോക്കി. പിന്നീട് സിനിമയോടുള്ള ഭ്രാന്ത് മൂത്ത് ജോലിയുപേക്ഷിച്ച് തിരിച്ചെത്തുകയായിരുന്നു. ആകെയുള്ള സമ്പദ്യം ചെലവഴിച്ച് തന്റെ പ്രണയിനിയായ ജെസ്സിയെ സേതുപതി വിവാഹം കഴിച്ചു.
സിനിമാമോഹം ഉള്ളില്‍ കൊളുത്തിവലിക്കുന്നത് തടയാനാകാതെ ഒടുവില്‍ പട്ടാരര എന്ന നാടകസംഘത്തില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. തമിഴ്‌നാട് മുഴുവന്‍ കൂത്ത് പട്ടാരരയുടെ കൂടെ ചെറിയ റോളുകളും ചെയ്ത് ചുറ്റിനടന്നു. അന്ന് ചുറ്റുമുള്ളവര്‍ മുഴുവന്‍ താരത്തെ കുറ്റപ്പെടുത്തിയപ്പോഴും തണലായി കൂടെ നിന്നത് ഭാര്യ ജെസ്സി മാത്രമാണ്.
നാളെയിന്‍ യേര്‍കുനാര്‍ എന്ന് സണ്‍ ടിവി പരിപാടിയിലാണ് വിജയ് സേതുപതിയെ ആദ്യം കാണുന്നത്. ഏറെക്കാലം പലനടന്‍മാരിലൊരാള്‍ എന്ന് മാത്രം തോന്നിക്കുന്ന റോളുകള്‍. പിന്നീട് താരത്തെ കാണുന്നത് സുന്ദരപാണ്ഡ്യനിലെ നെഗറ്റീവ് വേഷത്തിലാണ്. അവിടന്നങ്ങോട്ട് വിജയ് സേതുപതി എന്ന നടന്റെ സമയം നന്നാവുകയായിരുന്നു.
2012 അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയുടെ വര്‍ഷമായിരുന്നു. ‘സുന്ദരപാണ്ഡ്യന്‍’, ‘പിസ്സ’, ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ചു. ഈ മൂന്ന് സിനിമകള്‍ക്കും കൂടി വിജയ് സേതുപതി ആറ് അവാര്‍ഡുകളും നേടിയിരുന്നു. അവിടുന്നങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി.
Post Your Comments