മലയാളികളുടെ പ്രിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ വിടപറഞ്ഞു. കരള്‍ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വിട പറയുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ചില ചിത്രങ്ങളുടെ സ്വപ്നങ്ങള്‍ ബാക്കി. മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം മുകുന്ദന്റെ ഒരു കഥകൂടി വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു.
മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവല്‍ ലെനിന്‍ സിനിമയാക്കിയിരുന്നു. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താനും ലെനിന്‍ രാജേന്ദ്രനും തമ്മില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായിരുന്നുവന്നു മുകുന്ദന്‍ ഓര്‍മ്മിക്കുന്നു. ചിത്രത്തിലെ രഘൂവരനെ പ്രധാന കഥാപാത്രമാക്കുന്നതില്‍ തനിക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്നാണ് മുകുന്ദന്‍ പറയുന്നത്. ചിത്രത്തില്‍ അല്‍ഫോണ്‍സച്ചനായാണ് രഘുവരന്‍ എത്തിയത്.
തന്റെ കഥയിലെ അല്‍ഫോണ്‍സച്ചന്‍ തടിച്ചുവീര്‍ത്ത ഒരു മനുഷ്യനാണ്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ നീണ്ട് മെലിഞ്ഞ രഘുവരനെയാണ് ലെനിന്‍ രാജേന്ദ്രന്‍ തെരഞ്ഞെടുത്തത്. ഇതിനെ താന്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ രഘുവരനെ മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സംവിധായകന്‍ ലെനിന്‍. മെലിഞ്ഞു നീണ്ട രഘുവരന്‍ ആ കഥാപാത്രത്തെ എങ്ങനെ ചെയ്തിട്ടുണ്ടാകും എന്നോര്‍ത്ത് സിനിമ കാണുന്നതുവരെ തനിക്ക് നെഞ്ചിടിപ്പായിരുന്നുവെന്നും മുകുന്ദന്‍ പറയുന്നു എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. രഘുവരന്‍ മനോഹരമായിട്ടായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മുകുന്ദന്‍ പറഞ്ഞു.
Post Your Comments