CinemaMollywoodNEWS

മമ്മൂട്ടിയെ കാണിച്ചതും അവര്‍ ആകെ തകര്‍ന്നു; ആ സമയം എന്നെ കണ്ടിരുന്നേല്‍! : ലാല്‍ ജോസ് വ്യക്തമാക്കുന്നു

ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയിലേക്ക് ഉദയം ചെയ്യുന്നത് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്തു കൊണ്ടാണ്. ബോക്സോഫീസില്‍ ഗംഭീര കളക്ഷന്‍ സ്വന്തമാക്കിയ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന ഹിറ്റ് ചിത്രമായിരുന്നു ലാല്‍ ജോസിന്റെ കന്നി സംവിധാന സംരംഭം. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ ചാണ്ടി എന്ന വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

സിനിമയുടെ റിലീസ് ദിവസമുള്ള അനുഭവത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വ്യക്തമാക്കുകയാണ് ലാല്‍ ജോസ്.ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസ് മനസ്സ് തുറന്നത്

“സിനിമ റിലീസ് ചെയ്ത ദിവസം വല്ലാത്ത ടെന്‍ഷനായിരുന്നു അത് കൊണ്ട് തന്നെ സുഹൃത്തുമായി വെട്ടുകാട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പക്ഷെ തിയേറ്ററിന്റെ മുന്നില്‍ കൂടിയാണ് പള്ളിയിലേക്ക് പോകേണ്ടത്, തിയേറ്ററില്‍ ‘ഹൗസ്ഫുള്‍’ എന്ന ബോര്‍ഡ് കണ്ടതോടെ ഒരു ആത്മവിശ്വാസമായി, അത് കൊണ്ട് ആദ്യപകുതി വരെ സിനിമ കാണാമെന്നു തീരുമാനിച്ചു. തിയേറ്ററിലെ ബാല്‍ക്കണിയില്‍ നിന്നാണ് സിനിമ കണ്ടത്. പക്ഷെ സിനിമയുടെ തുടക്കം മമ്മൂട്ടിയെ കാണിച്ചതും ഫാന്‍സുകാര്‍ ആകെ തകര്‍ന്നു കാരണം പോസ്റ്ററില്‍ കണ്ട വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെയല്ല അവര്‍ സ്ക്രീനില്‍ കണ്ടത് ആ സമയം ഫാന്‍സുകാരുടെ കൈയ്യില്‍ എന്നെ കിട്ടിയിരുന്നേല്‍ സംഗതി ആകെ കുഴഞ്ഞേനെ.പിന്നീടു സിനിമ അതിന്റെ ഫ്ലാഷ് ബാക്ക് സീനിലേക്ക് പോകുകയും മുടിയൊക്കെ പറ്റയടിച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ കണ്ടതും പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററില്‍ കൈയ്യടി മുഴക്കി. ഒരു സംവിധായകനെന്ന നിലയില്‍ വല്ലാത്ത ആവേശം തന്ന നിമിഷമായിരുന്നു അത്”.

1998 വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ ‘ഒരു മറവത്തൂര്‍ കനവ്’ ലാല്‍ ജോസിന്റെ സിനിമ കരിയറിലെ പൊന്‍തൂവലായി ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മമ്മൂട്ടിയെ സൂപ്പര്‍ താരമായും നടനായും ഉപയോഗിച്ച് കൊണ്ടായിരുന്നു ലാല്‍ ജോസ് തന്റെ ആദ്യ സംവിധാന സംരംഭം മികവുറ്റതാക്കിയത്. ആദ്യ ചിത്രത്തിന്റെ ഗംഭീര വിജയം ലാല്‍ ജോസ് എന്ന സംവിധായകന് മലയാള സിനിമയില്‍ വലിയ ഇമേജ് ആണ് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button