GeneralLatest NewsMollywood

വേനല്‍ മുതല്‍ ഇടവപ്പാതിവരെ; ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങുമ്പോള്‍

പ്രമുഖ മലയാളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു . ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിയേഴു വയസ്സായിരുന്നു അദ്ദേഹത്തിനു. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു അദ്ദേഹം.

എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി എത്തിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ വേനല്‍ എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയ അദ്ദേഹം പതിനാലു ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. പിന്നീട് നിരവധി മികച്ച സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു.

1982ലെ ചില്ല് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ. പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യൻ (1985), മഴക്കാല മേഘം (1985), സ്വാതി തിരുന്നാൾ (1987), ദൈവത്തിന്റെ വികൃതികൾ(1992), മഴ (2000), അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി എന്നിവയാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍.

ജനപ്രിയ ചിത്രങ്ങളുടെ ചേരുവയില്ലാതെ നവ സമാന്തര ചിത്രങ്ങളിലൂടെ രാഷ്ട്രീയ പുനര്‍വായനയ്ക്ക് തിരികൊളുത്തിയ സംവിധായകരില്‍ പ്രധാനിയാണ്‌ ലെനിന്‍ രാജേന്ദ്രന്‍. ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രം മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുളള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. 1996ല്‍ കുലം എന്ന ചിത്രത്തിന്‌ മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. 1985 ൽ ഇറങ്ങിയ മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്രമാണ് സ്വാതിതിരുന്നാൾ എന്ന ചിത്രം. അങ്ങനെ വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങള്‍ ഒരുക്കിയ ജനപ്രിയകലാകാരന്‍ വിടവാങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button