മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയ ദർശനന്റെ മകൾ മലയാളത്തിന്റെ നായികയാകാൻ തുടങ്ങുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മകൾ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മരയ്ക്കാർ:അറബിക്കടലിന്റെ സിംഹം’ എന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്.
മകൾക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ വിദൂരസ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യമാണെന്നാണ് പ്രിയദർശൻ പറയുന്നത്. നിയോഗം പോലെ അത്തരമൊരു അവസരം ഒരുക്കിത്തന്നത് വിധിയാണെന്നും അദ്ദേഹം പറയുന്നു.
“ഈ ലോകത്തിലെ എല്ലാ അച്ഛൻമാരെയും പോലെ ഞാനും എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്നങ്ങളിൽ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാൻ സങ്കൽപ്പിച്ചിട്ടില്ല. എന്നാൽ വിധി അതു യാഥാർത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവർക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാൻ നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലർത്തൂ,” പ്രിയദർശൻ മകൾക്കായി കുറിച്ചതിങ്ങനെ.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാർ’ ഒരുങ്ങുന്നത്. ചരിത്രവും ഫിക്ഷനും ഇടകലരുന്നതാണ് ചിത്രം. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിക്കുന്നുണ്ട്.
Post Your Comments