കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സീരിയല്‍ താരങ്ങള്‍. എന്നാല്‍ ചില താരങ്ങളെ അടുത്തു കാണാന്‍ അവസരം കിട്ടുമ്പോള്‍ ചിലര്‍ വൈകാരികമായി പെരുമാറാറുണ്ട്. അത് ആ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യതയുടെ ഫലമാണ്. അത്തരമൊരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ഗിരിധർ .
ബാലാമണിയിലെ ആനന്ദായും കറുത്തമുത്തിലെ ശ്രീകാന്തായും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഗിരിധർ. കറുത്ത മുത്തിലെ നായികയെ കൊല്ലാൻ വരുന്ന വില്ലൻ കഥാപാത്രം തനിക്കു നേടിത്തന്ന മറക്കാനാകാത്ത ഒരു അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗിരിധർ പങ്കുവയ്ക്കുന്നു.
‘‘കോവളത്ത് ഒരു സീരിയലിന്റെ ഷൂട്ട് നടക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ബസിൽ കുറെ വിനോദ സഞ്ചാരികൾ അവിടെ വന്നിറങ്ങി. ഷൂട്ട് നടക്കുന്നതു കണ്ടപ്പോൾ അതിൽ പലരും വന്ന് പരിചയപ്പെടാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമൊക്കെ തുടങ്ങി. പെട്ടെന്നാണ് തിരക്കിനിടയിൽ നിന്നു പ്രായമായ ഒരു സ്ത്രീ ഏന്തി വലിഞ്ഞ് മുന്നോട്ട് വന്നത്. എന്റെയടുത്തെത്തിയതും അവർ ഉയർന്നു ചാടി എന്റെ കവിളത്ത് ഒറ്റയടി. സത്യം പറഞ്ഞാൽ കണ്ണിൽ നിന്ന് പൊന്നീച്ച പാറി. ഞെട്ടിനിൽക്കുന്നതിനിടെ, ‘‘എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്താൽ നിന്നെ വച്ചേക്കില്ലടാ’’ എന്നും പറഞ്ഞ് അവരൊരു മുഴുത്ത തെറി കൂടി വിളിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഒരാൾ എന്നെ അടിക്കുന്നത്. ആകെ ഷോക്കായിപ്പോയി. അതിനിടെ അവരുടെ ഒപ്പം വന്നവർ എന്നോട് ക്ഷമയൊക്കെ പറഞ്ഞ്, ആ സ്ത്രീയെയും പൊക്കിയെടുത്ത് വന്ന വഴിയേ ഓടി’’. പൊട്ടിച്ചിരിയോടെ താരം പറയുന്നു.
കടപ്പാട്: വനിത
Post Your Comments