![](/movie/wp-content/uploads/2017/11/tovino-thomas-new-proud-father-13-1452660224.jpg)
മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. എന്നാല്‍ സിനിമയുടെ തുടക്കകാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് താരം. സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം തേടി അലഞ്ഞപ്പോള്‍ അപമാനിച്ചിറക്കിയവര്‍ ധാരാളം പേരുണ്ടെന്ന് ടൊവിനോ പറയുന്നു.
സിനിമയില്‍ ചെറിയ വേഷം കിട്ടിയതിന് പിന്നാലെ സംഭാഷണം ഉള്ള വേഷത്തിനായി ഏറെ അലഞ്ഞു. സിനിമയുടെ തുടക്കത്തില്‍ ലോക്കേഷനുകളില്‍ ഉണ്ടായ ദുരനുഭവം വലുതാണ്. ”അന്നും താന്‍ തന്റെ ശരീരം ഏറെ ശ്രദ്ധിക്കുന്നവനായിരുന്നു. ചില സെറ്റില്‍ നിന്ന് ചപ്പാത്തി ചോദിച്ചപ്പോള്‍ ഉള്ള ചോറ് തിന്ന് പോയ്‌ക്കൊള്ളു എന്നു പറഞ്ഞവര്‍ ധാരാളമാണ്. കൂടാതെ സിനിമയുടെ ഭാഗമല്ലാത്തവര്‍ പോലും ചെറിയ വേഷം ചെയ്യാന്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു. അവരോടാരോടും തനിക്ക് പരിഭവമില്ല”. എന്നാല്‍ ഈ ഇന്‍സള്‍ട്ട് മറക്കില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
”ചിലര്‍ കഥ പറയുമ്പോള്‍ ഇഷ്ടമില്ലെങ്കില്‍ അത് തുറന്നു പറയാറുണ്ട്. അതിന്റെ ഭാഗമായി നീയൊക്കെയുള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത് എന്നു പറഞ്ഞവരും ഉണ്ട്. ചിലരുടെ തോന്നല്‍ അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നാണ്. എന്നാല്‍ പൂവന്‍പഴം തിന്നുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല അത്. അതിന് ഉണ്ടാകുന്ന മാനസിക അദ്ധ്വാനം വളരെ വലുതാണ്. സീനിയര്‍ സംവിധായകരോടൊപ്പം അഭിനയിക്കാനാവാത്തത് ആരും വിളിക്കാത്തത് കൊണ്ടാണ്. വിളിച്ചപ്പോഴാകട്ടെ നേരത്തെ പറഞ്ഞുറപ്പിച്ച പ്രോജക്ടുകള്‍ ഉള്ളതുകൊണ്ടാണ്. പിന്നെ സുഹൃത്തുക്കളുടെ സിനിമയില്‍ കൂടുതല്‍ അഭിനയിക്കുന്നത് അവരോടൊപ്പം ഏത് ജോലി ചെയ്യുമ്പോഴും സുഖമുണ്ടാകുന്നതുകൊണ്ടാണെന്നും” ടൊവിനോ പറഞ്ഞു.
Post Your Comments