മലയാളികളെ ചിരിപ്പിച്ച ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഫിലോമിന. വില്ലന്മാര് നിറഞ്ഞാടിയ മലയാള സിനിമയില്‍ ആനപ്പാറ അച്ചമ്മയായി എത്തിയ ഫിലോമിന ഇന്നും ജന മനസ്സുകളില്‍ ജീവിക്കുന്നു. എന്നാല്‍ സിനിമയിലെ ഈ ചിരിക്കും താരത്തിന്റെ ജീവിതം ദുരിതത്തില്‍ ആയിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഗോഡ്ഫാദര് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കന്ട്രോളര് ബാബു ഷാഹിര്‍.
സിദ്ധിക്ക്- ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്. ഇതില്‍ ആനപ്പാറ അച്ചമ്മയേ അവതരിപ്പിക്കാന്‍ ഫിലോമിനയെ തേടി ചെന്നൈയില്‍ പോയ കഥയാണ് ബാബു ഷാഹിര്‍ പറയുന്നത്.
“ഗോഡ്ഫാദര് സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ കോഴിക്കോട്ട് പുരോഗമിക്കുന്നു. ആനപ്പാറ അച്ചമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫിലോമിനച്ചേച്ചിയെ കാണണമെന്ന് സിദ്ദിഖ്-ലാല്‍ എന്നോട് പറഞ്ഞു. ചേച്ചിയെ കണ്ടുപിടിക്കേണ്ടത് എന്റെ ചുമതലയായി. കേരളത്തില്‍ വന്നാല്‍ ചേച്ചി തൊടുപുഴ വാസന്തിയുടെ കൂടെയാണ് താമസിക്കാറുള്ളത്. പക്ഷേ ആ സമയത്ത് ചേച്ചി നാട്ടില്‍ ഇല്ലായിരുന്നു. അങ്ങനെ ഞാന്‍ ഫിലോമിനച്ചേച്ചിയെ തിരഞ്ഞ് ചെന്നൈയില്‍ എത്തി.
വല്സരവാക്കത്താണ് ആദ്യം ഞാന്‍ അവരെ അന്വേഷിച്ച് പോകുന്നത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ഇപ്പോള്‍ അവിടെ താമസമില്ല എന്നറിഞ്ഞു. പിന്നീട് വടപളനിയില്‍ പോയി അവിടെയും അവര്‍ ഉണ്ടായിരുന്നില്ല. ചെന്നൈയിലെ ചില പ്രദേശങ്ങളില്‍ സിനിമാക്കാര് അന്ന് കൂട്ടമായി താമസിക്കാറുണ്ട്. അവിടെയും ചേച്ചി ഉണ്ടായിരുന്നില്ല. എനിക്ക് വല്ലാത്ത വിഷമമായി. ഞാന്‍ സിദ്ദിഖ്-ലാലിനെ വിളിച്ചു പറഞ്ഞു, ഫിലോമിനച്ചേച്ചിയെ കാണാനില്ല, ആനപ്പാറ അച്ചമ്മയ്ക്കു വേണ്ടി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യേണ്ടി വരും.
സിദ്ദിഖ്-ലാല്‍ പറഞ്ഞു; അതു പറ്റില്ല, ചേച്ചി തന്നെ വേണം. എവിടെ നിന്നാണെങ്കിലും ബാബു അവരെ കണ്ടുപിടിച്ചേ മതിയാകു. അച്ചമ്മയെ അവതരിപ്പിക്കാന്‍ വേറെ ആര്‍ക്കും പറ്റില്ല. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശാന്തനെ കാണുന്നത്. ചേച്ചിയെ രാവിലെ എ.വി.എമ്മിൽ മകനൊപ്പം കണ്ടെന്ന് ശാന്തന് പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മേല്‍വിലാസം വാങ്ങി.
ഞാന്‍ അവിടെ ചെന്നപ്പോള്‍ ആകെ ഞെട്ടിപ്പോയി. ഒരു ഒറ്റമുറി വീട്. മലയാളത്തിലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് താമസിക്കുന്ന വീടാണത്. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല്‍ മുറിച്ചു കളഞ്ഞ നിലയിലായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു; എനിക്ക് വയ്യ മോനേ. ആകെ ബുദ്ധിമുട്ടിലാണ്. ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, എല്ലാവരും പൈസ തരാറില്ല. ചിലര്‍ പണം തരും. ചിലര്‍ തരാമെന്ന് പറയും. എന്നാല്‍ ചെക്ക് മാറാന്‍ ചെല്ലുമ്പോള്‍ പണം ഉണ്ടാകില്ല. ഞാന്‍ തര്‍ക്കിക്കാനൊന്നും പോകാറില്ല. ആരെങ്കിലും വിളിച്ചാല്‍ മാത്രമേ നാട്ടില്‍ വരാറുള്ളൂ- കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമായി.
ഗോഡ്ഫാദറിന് മുന്‍പ് സിദ്ദിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറില്‍ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ക്കാര്‍ക്കും ചേച്ചിയുടെ അവസ്ഥ അറിയുമായിരുന്നില്ല. ഞാന്‍ ഗോഡ്ഫാദറിനെക്കുറിച്ച് പറഞ്ഞു. ആനപ്പാറ അച്ചമ്മ എന്ന കഥാപാത്രത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു. 25000 രൂപയുടെ ചെക്ക് ഞാന്‍ ചേച്ചിയുടെ കയ്യില്‍ വച്ചു കൊടുത്തു. ആ സമയത്ത് അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ, ഇത് മാറിയാല്‍ ശരിക്കും പൈസ കിട്ടുമോ?. അതുകേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. അവരെ ഇതിനും മുന്‍പ് ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന്‍ അപ്പോള്‍ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കില്‍ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചു”
കടപ്പാട്: മാതൃഭൂമി
Post Your Comments