ഒരുപാട് പ്രതീക്ഷകളുമായി ഒരു പുതുവത്സരംകൂടി വന്നെത്തുന്നു. പോയ വര്‍ഷത്തിന്റെ നഷ്ടങ്ങളെക്കുറിച്ചു മലയാളത്തിന്റെ പ്രിയ അഭിനേത്രി മഞ്ജു വാര്യര്‍ പങ്കുവയ്ക്കുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അച്ഛന്റെ വിയോഗവും സിനിമാ വിജയങ്ങളും താരം കുറിക്കുന്നു.
മഞ്ജുവിന്റെ കുറിപ്പ് പൂര്‍ണ്ണ രൂപം
ഇവിടെയുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ കാലം ഒരു തൂവല്‍ കൂടി
പൊഴിക്കുന്നു. ഒരു വര്‍ഷം നിശബ്ദമായി അടര്‍ന്നുപോകുന്നു. പിറകോട്ട്
നോക്കുമ്പോള്‍ നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്.
സങ്കടങ്ങള്‍, സന്തോഷങ്ങള്‍, വേര്‍പാടുകള്‍, വിമര്‍ശനങ്ങള്‍, ശരികള്‍, തെറ്റുകള്‍… എല്ലാത്തിനെയും
ഈ നിമിഷം ഒരുപോലെ ഹൃദയത്തില്‍ സ്വീകരിക്കുന്നു. അച്ഛന് കൈവിരലുകള്‍
വിടുവിച്ച് കടന്നുപോയ വര്‍ഷമായിരുന്നു എനിക്കിത്. ഞങ്ങളുടെ
കുടുംബത്തിന്റെ ഏറ്റവും വലിയ നഷ്ടം. ഇപ്പോഴും പൂര്‍ണമായി
ഉള്‍ക്കൊള്ളാനായിട്ടില്ല അത്. അച്ഛനായിരുന്നു ജീവിതത്തിന്റെ
ഏതുഘട്ടത്തിലും ചേര്‍ത്തുപിടിച്ചിരുന്നതും,വഴികാട്ടിയിരുന്നതും. അച്ഛന്
അവശേഷിപ്പിച്ചുപോയ ശൂന്യത ഓരോ നിമിഷവും ആഴത്തിലറിയുന്നു. പ്രിയപ്പെട്ട
ഒരുപാട് പേര് 2018-ല്‍ യാത്ര പറഞ്ഞു പോയി. കേരളത്തെ വിഴുങ്ങിയ പ്രളയമായിരുന്നു മറ്റൊന്ന്. അതിന്റെയെല്ലാം വേദനകള്‍ക്കിടയിലും ചെറുതല്ലാത്ത ചില സന്തോഷങ്ങള്‍ ഈ വര്‍ഷം എനിക്ക് സമ്മാനിച്ചു. മലയാളത്തിന്റെ നീര്‍മാതളമായ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറഞ്ഞ ‘ആമി’ എന്ന സിനിമയോടെയാണ് എന്റെ ഈ വര്‍ഷം തുടങ്ങിയത്. ആ വേഷം ഒരു സൗഭാഗ്യമായി. മോഹന്‍ലാല്‍ എന്ന വിസ്മയം എന്റെ അഭിനയജീവിതത്തില്‍
പലതരത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും
ആഹ്ലാദകരമായ അനുഭവം. മലയാളം ലോകസിനിമയ്ക്ക് നൽകിയ പ്രതിഭയുടെ പേരിലുള്ള ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കാനായി എന്നത് വ്യക്തിപരമായി ഒരുപാട് വിലമതിക്കുന്ന ഒന്നാണ്. ആ അവസരത്തെ ലാലേട്ടനോട് കുട്ടിക്കാലം തൊട്ടേ സൂക്ഷിക്കുന്ന ആരാധനയുടെയും ബഹുമാനത്തിന്റെയും പ്രതിഫലമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഭിനയിച്ചതും ലാലേട്ടന്റെ കൂടെത്തന്നെ. ഒടിയന്,ലൂസിഫര്‍. ലാലേട്ടനോടൊപ്പമുള്ള ഓരോ സിനിമയും എത്രയോ പുതിയ അഭിനയപാഠങ്ങളും അദ്ഭുതങ്ങളുമാണ് തരുന്നത്!! ആ സുകൃതം തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വരം. ഈ വര്‍ഷം ഒടുവില്‍ റിലീസ് ചെയ്ത ‘ഒടിയന്’ എല്ലാ വ്യാജപ്രചരണങ്ങളെയും അതിജീവിച്ച് വലിയ വിജയമായി മാറിക്കഴിഞ്ഞു. നമ്മുടെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായി മാറുകയാണ് ഈ സിനിമ. അതിന്റെ സന്തോഷം കൂടിയുണ്ട് ഇതെഴുതുമ്പോള്‍. എന്റെ ഏറ്റവും വലിയ ശക്തിയായ പ്രേക്ഷകര്‍ക്ക് ഒരുപാടൊരുപാട് നന്ദി. വരുംവര്‍ഷവും നല്ല സിനിമകളില്‍ അഭിനയിക്കാനാകുമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെ
ജീവിതത്തിലും നന്മകള് മാത്രം സംഭവിക്കട്ടെ… പുതിയ വര്‍ഷം എല്ലാ
ഐശ്വര്യങ്ങളും തരട്ടെ… എല്ലാവര്ക്കും പുതുവത്സരാശംസകള്‍…
Post Your Comments