മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമായ ലൂസിഫറിനെക്കുറിച്ച് നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നടനുമായ മുരളീഗോപി ഫെയ്‌സ്ബുക്കിലൂടെ രംഗത്തുവന്നു.
മുരളീഗോപിയുടെ ഫെയ്സ്ബുക് കുറിപ്പ്
പ്രിയ സുഹൃത്തുക്കളെ,
“ലൂസിഫർ” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങൾ പടച്ചിറക്കുന്ന ചില ഓൺലൈൻ മാധ്യമ വാർത്തകൾ (വീണ്ടും) ശ്രദ്ധയിൽ പെട്ടു. ഇതിൽ (ഞങ്ങൾ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ “കണ്ടെത്തൽ”. ഇത് ഒരുപാട് ഷെയർ ചെയ്തു പടർത്തുന്നതായും കാണുന്നു.
ഇത്തരം “വാർത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂർണ്ണമായും നശിപ്പിക്കുന്നത്.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങൾ ഇത് പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോൾ അത് കാണുക എന്നല്ലാതെ അതിനു മുൻപ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങൾ ഒരു യഥാർഥ സിനിമാപ്രേമി ആണെങ്കിൽ, ഇത്തരം നിരുത്തരവാദപരമായ “വാർത്തകൾ” ഷെയർ ചെയ്യാതെയുമിരിക്കുക.
സസ്നേഹം, മുരളി ഗോപി
Post Your Comments