ഇന്നും ചാനലുകളില്‍ ഏറെ ജനപ്രീതിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ തന്റെ ഈ ചിത്രത്തിന്‍റെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.
”ഭ്രാന്തിയായ ഗംഗയുടെ നൃത്തം ഞാന്‍ രാത്രി കാലങ്ങളില്‍ എടുത്തു. സുന്ദരിയായ നാഗവല്ലിയുടെ നൃത്തം പകലും. ഗംഗയുടെ ഭ്രാന്തമായ നൃത്തചലനങ്ങളില്‍നിന്നും പെട്ടെന്നായിരിക്കും ഞാന്‍ നാഗവല്ലിയുടെ മനോഹരമായ നൃത്തചലനങ്ങളിലേക്ക് കട്ട് ചെയ്യുകയെന്നും ഈ രണ്ട് നൃത്തചലനങ്ങള്‍ക്കും നല്ല സാമ്യമുണ്ടായിരിക്കണമെന്നും രണ്ടിനും ഗ്രേസും വേണമെന്നും ഞാന്‍ ശോഭനയോടും ശ്യാമള ടീച്ചറോടും പറഞ്ഞു. വളരെ വളരെ സൂക്ഷിച്ചും പണിപ്പെട്ടുമാണ് ആ പാട്ടിന്റെ ഓരോ ഷോട്ടും എടുത്തത്.
അങ്ങനെ മഹാദേവന്‍ എന്ന രാമനാഥന്‍ വരേണ്ട സമയമായി. മോഹന്‍ലാല്‍, മഹാദേവന്റെ തോളില്‍ കൈവച്ച്, ഗംഗയുടെ അരികിലേക്ക് പോകാന്‍ സിഗ്നല്‍ കൊടുക്കുന്ന ഷോട്ട് ഞാനാദ്യം എടുത്തു. പിന്നെ ഭ്രാന്തിയായ ഗംഗയുടെ മുന്‍പില്‍ വന്നുനില്‍ക്കുന്ന മഹാദേവന്റെ ഷോട്ടും എടുത്തു. ഇനി അയാള്‍ നാഗവല്ലിയുടെ കണ്ണില്‍, കാമുകനായ രാമനാഥനാണ്. ആ വേഷം അണിഞ്ഞുവരാനായി ശ്രീധറിനെ അയച്ചു. രാമനാഥനെ കണ്ടു കഴിയുമ്പോഴുള്ള ഗംഗയുടെ ഷോട്ടും എടുത്തു. ഇനി നൃത്തത്തിന്റെ ലാസ്യശൃംഗാര ഭാവങ്ങളാണ്. അതിനുള്ള വേഷം അണിഞ്ഞുവരാനായി ശോഭന പോയി.
അപ്പോള്‍, ദേ വരുന്നു, രാമനാഥന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ്, സാക്ഷാല്‍ ശ്രീധര്‍! വന്നതും നമസ്‌കാരം പറഞ്ഞു. എന്റെയും ക്യാമറാമാന്റെയും കാല്‍തൊട്ട് വന്ദിച്ചു. ക്യാമറയെ വണങ്ങി. എനിക്ക് കാര്യം പിടികിട്ടി. പുള്ളിയുടെ ആത്മാവ് അഭിനയത്തിലല്ല. നൃത്തത്തിലാണ്. അതുകൊണ്ടാണ്, സീനുകള്‍ എടുത്തപ്പോള്‍ ഒരു അന്യനെപ്പോലെ അകന്നുമാറി നിന്നത്. നൃത്തം വന്നപ്പോള്‍ ആളും മാറി. പിന്നെ, തോം, തോം, തോം എന്നു പറഞ്ഞ് ഒരു വരവായിരുന്നു. എനിക്ക് ആ മനുഷ്യനോട് ഇഷ്ടം തോന്നി, ബഹുമാനം തോന്നി, തെറ്റിദ്ധരിച്ചതില്‍ വല്ലാത്ത കുറ്റബോധവും തോന്നി.”
കടപ്പാട്: മാതൃഭൂമി
Post Your Comments