മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ടോവിനോ. നടി ഉര്‍വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തില്‍ മികച്ച വേഷവുമായി ടോവിനോയും എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു പരിപാടിയില്‍ താരം തന്റെ വിവാദ ചുംബനങ്ങളെക്കുറിച്ച് പറയുന്നു.
25 സിനിമയില്‍ അഭിനയിച്ച താന്‍ ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്. എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് അതാണെന്ന് ടോവിനോ പറയുന്നു. ” മറ്റു സിനിമകളിലൊക്കെ ഫൈറ്റും, ഇമോഷനും ഒക്കെ ഉള്ളതുപോലെ ഇതും ‘എക്സപ്രെഷൻ ഓഫ് ലൗ’ ആയി കണ്ടാൽ പോരെ. ഒരു നായകൻ വില്ലനെ അടിച്ചും ഇടിച്ചും വെട്ടിയും ഒക്കെ കൊല്ലുന്നത് കൈയ്യടിയോടെ ഏറ്റുവാങ്ങുന്ന പ്രേക്ഷകർക്ക്, ഒരു നായകൻ നായികയെ ചുംബിക്കുന്ന സീൻ കാണുമ്പോഴേക്കും അത് കുടുംബപ്രേക്ഷകർക്ക് കാണാൻ പറ്റാത്തതായി, യുവാക്കളെ വഴിതെറ്റിക്കുന്നതായി എന്നൊക്കെ പറയുന്നത് ശരിയാണോ ? ഈ ഉമ്മ മാത്രം അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതൊരു കപട സദാചാരം അല്ലേ ? ആ കഥാപാത്രം ആവശ്യപ്പെടുന്നതു കൊണ്ട് മാത്രം ചെയ്യുന്നതാണ്
അല്ലാതെ സിനിമയെ കുറച്ച് സ്പൈസി ആക്കാം എന്ന് വിചാരിച്ചിട്ടൊന്നും ഉമ്മ ഒരു സിനിമയിലും കൂട്ടിച്ചേർക്കുന്നതല്ല.. ലിപ്ലോക് സീൻ അവിടെ ഇല്ലാതെ ഒന്നു ചിന്തിച്ചു നോക്കിയാൽ എന്തായിരിക്കും ? ആ സിനിമയുടെ പൂർണതയ്ക്കു വേണ്ടി അങ്ങനെ ചെയ്യണ്ടേ ? നായകൻ വില്ലനെ കൊല്ലുമ്പോൾ ആണ് ആൾക്കാർക്ക് സിനിമ പൂർത്തീകരിച്ചതായി തോന്നുന്നത്. പ്രണയത്തിന്റെ പൂർത്തീകരണത്തിനായാണ് ചുംബനം എന്നു മനസ്സിലാക്കിയാൽ പോരെ ?”
എന്നാല്‍ പഴയ മനസുള്ള ആളുകൾ അങ്ങനെ വിചാരിക്കില്ലയെന്നു നടി ഉര്‍വശി പറയുന്നു. ”പണ്ട് അടുത്ത് മക്കളൊക്കെ ഇരിക്കുമ്പോൾ ഇത്തരം സീനുകൾ വരുമ്പോൾ എണീറ്റ് ഓടണോ എന്നൊരു ചിന്ത വരും പലർക്കും. അതുകൊണ്ടാവാം ചുംബനം ഉള്ള സിനിമകൾ ആളുകൾ എതിർക്കുന്നത്. ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്. പണ്ട് സിനിമയുടെ വിഡിയോ കാസറ്റ് കൊണ്ടുവന്ന് വീട്ടിൽ ഇടുമായിരുന്നു. എന്റെ ആങ്ങള കൂട്ടുകാരുടെ കയ്യിൽ നിന്നും കിങ് കോങ് പോലുള്ള ഇംഗ്ലീഷ് സിനിമകളുടെ സിഡി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ഇടും. അതിനുള്ളിൽ ചില സംഗതികൾ വരും. ഇത് ആങ്ങള നേരത്തെ തന്നെ കൂട്ടുകാരുടെ വീട്ടിൽ ഇട്ട് കാണും എവിടെയാണ് ഈ സീൻ വരുന്നതെന്ന്. എന്നിട്ട് ആ സീൻ വരുമ്പോൾ പെട്ടെന്ന് ആ സീൻ ഓടിച്ച് വിടുമായിരുന്നു. അമ്മൂമ്മയൊക്കെ ചോദിക്കുമ്പോൾ ആ സീൻ കാണെണ്ട എന്നൊക്കെ പറയുമായിരുന്നു. ആങ്ങളയുടെ അന്നത്തെ ടെൻഷൻ ഒക്കെ കുറേ കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് മനസിലായത്. പ്രേമം എന്നൊരു വാക്ക് കൽപനചേച്ചി പറഞ്ഞതിന് അച്ഛൻ ഒരു അടികൊടുത്തിട്ട് വായിൽ നിന്നും ചോര വന്നതൊക്കെ ഇപ്പോഴും ഓർക്കുന്നു. അന്ന് ചേച്ചിക്ക് ഒരു 12 വയസ് പ്രായം കാണും. കൽപന ചേച്ചി സിനിമയുടെ കഥ പറയുകയാണ്, ശിവാജിഗണേശൻ അവരെ പ്രേമിക്കും എന്നൊക്കെ പറഞ്ഞു, ഉടനെ പ്രേമം എന്നു പറഞ്ഞാൻ എന്താണ് എന്ന് അച്ഛൻ ചോദിച്ചു. അപ്പോൾ അച്ഛാ രണ്ടുപേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിക്കും അതാണ് പ്രേമം എന്നു ചേച്ചി പറഞ്ഞു. അതു പറഞ്ഞപ്പോൾ അച്ഛൻ അടിവച്ചു കൊടുത്തു. ആ തലമുറയാണ് ഞങ്ങളുടേത്”
കടപ്പാട് : മനോരമ
Post Your Comments