നളിനി എന്ന നടിയെ മലയാളികള്‍ക്ക് പേരുകൊണ്ട് ഓര്‍മ്മിക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം രാവണപ്രഭുവില്‍ ജഗതിയുടെ ഭാര്യാ വേഷത്തില്‍ എത്തിയ നടിയെ മലയാളികള്‍ ഓര്‍ക്കും. എണ്‍പതുകളില്‍ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു നളിനി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നളിനിയുടെ വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം വിവാഹ മോചനത്തോടെ സിനിമയിലേയ്ക്ക് തിരിച്ചെത്തി.
”വിവാഹ ശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നു. ദാമ്പത്യ പരാജയത്തില്‍ ഇപ്പോള്‍ ദുഃഖിക്കുന്നില്ല. എല്ലാം മുകളിലുള്ള ഒരാള്‍ നേരത്തെ സ്ക്രിപ്റ്റ് തയ്യാറാക്കി വച്ചതാണ്. നമ്മള് അഭിനേതാക്കള്‍ മാത്രം.. അങ്ങനെ കരുതും. മിടുക്കനായ ഒരു മകനെയും മിടുക്കിയായ ഒരു മകളെയും ദൈവം എനിക്ക് തന്നു.. അതിനുള്ള നന്ദി തീര്‍ത്താല്‍ തീരില്ല. ഡിവോഴ്സിന്റെ ഷോക്കില്‍ നില്‍ക്കുമ്ബോഴാണ് ആന്റണി പെരുമ്പാവൂര്‍ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്.
മോഹന്‍ലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ , നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. മനസ്സ് തകര്‍ന്ന സമയമായിരുന്നതിനാല്‍ തിരിച്ചുവരവിനെ കുറിച്ചോ അഭിനയത്തെ കുറിച്ചോ ചിന്തിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. സ്നേഹപൂര്‍വ്വം ആ അവസരം നിഷേധിച്ചു. ”അമ്മേ പോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കും ” എന്ന് മക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് പിന്നെ ഡേറ്റ് കൊടുത്തത്. അതിനു ശേഷം സിനിമയില്‍ ചെയ്യാത്ത വ്യത്യസ്ത വേഷങ്ങള്‍ സീരിയലില്‍ ലഭിച്ചതോടെ അങ്ങോട്ടേക്ക് മാറി. വില്ലത്തി വേഷങ്ങള്‍ ചെയ്തു മടുത്തപ്പോഴാണ് കോമഡിയിലേക്ക് മാറിയത്. കോമഡി ചെയ്യുമ്പോള്‍ വല്ലാത്ത ഫീലാണ്- നളിനി അഭിപ്രായപ്പെടുന്നു
ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയ ലോകത്തേയ്ക്ക് എത്തിയ നളിനി നവംബറിന്റെ നഷ്ടം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, മൗനരാഗം, കൂലി, ഒരു മാടപ്രാവിന്റെ കഥ, ഒരു യുഗസന്ധ്യ, വാര്‍ത്ത, നിമിഷങ്ങള്‍, സ്നേഹമുള്ള സിംഹം, ആവനാഴി, അടിമകള്‍ ഉടമകള്‍, ഭൂമിയിലെ രാജാക്കന്മാര്, വഴിയോര കാഴ്ചകള്‍, ശങ്കുനാഥം അങ്ങനെ ഒത്തിരി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments