കൊച്ചിയില്‍ നടി ലീന മറിയയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ നടൻ ധർമ്മജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് ഉണ്ടായത് അരലക്ഷം രൂപയുടെ നഷ്ടം. കൊച്ചി കടവന്ത്രയിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് ധര്‍മ്മജന്റെ കട പ്രവർത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈൽ ആർടിസ്ട്രിക്ക് എന്ന പാര്‍ലറും. സംഭവം നടന്നതോടെ കട അടച്ചിടെണ്ടി വന്നുവെന്ന് താരം പറയുന്നു.
ധർമ്മജന്റെ കടയുടെ സിസിടിവിയിൽ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. സംഭവത്തെക്കുറിച്ച് കടയിലെ ജീവനക്കാരനായ റോഷിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഉച്ചയ്ക്ക് രണ്ടരമണിയോടെ രണ്ടുപേർ കടയുടെ പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് കൊണ്ടുവന്ന് വെച്ചു. കുറച്ചുസമയം അവർ അവിടെ ചുറ്റിക്കറങ്ങി നിന്നതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയത്. അവിടെചെന്ന് വാതിലിൽ മുട്ടുന്ന ശബ്ദവും അൽപസമയത്തിന് ശേഷം വെടി ഉതുർക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിനോക്കുന്നത്. അപ്പോഴേക്കും അവർ ഇറങ്ങിയോടി ബൈക്കിൽ കയറിപ്പോയി. ഇരുവരും മുഖം മാസ്ക് ചെയ്തതുകൊണ്ട് തിരിച്ചറിയാനാകില്ല.
കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം ബൈക്കിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വണ്ടിയുടെ നമ്പർ പക്ഷെ സിസിടിവിയിൽ വ്യക്തമല്ല. മൂന്നരയോടെ പൊലീസും മാധ്യമങ്ങളുമെത്തി. അതിന് ശേഷം കടയിൽ കച്ചവടം ഒന്നും നടന്നില്ല. രണ്ടരമണിവരെ മാത്രമേ കച്ചവടം നടത്തിയുള്ളൂ. സാധാരണ ശനിയാഴ്ചകളിൽ നല്ല തിരക്കുണ്ടാകുന്ന സമയമാണിത്. ഒന്നരലക്ഷം രൂപ വരെ കച്ചവടം ഉണ്ടാകുന്ന സ്ഥാനത്ത് എഴുപതിനായിരം അടുപ്പിച്ച് മാത്രമാണ് കച്ചവടം നടന്നത്. ”
Post Your Comments