സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് സിനിമയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കണക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി നിർമാതാവും നടനുമായ സുരേഷ് കുമാർ. ഒടിയൻ, പുലിമുരുഗൻ തുടങ്ങിയ ചിത്രങ്ങളുടെ കലക്ഷന്‍ കണക്കുകളെ പരാമർശിച്ചുകൊണ്ട് സുരേഷ് കുമാർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കു വച്ച വോയ്സ് ക്ലിപാണ് ഇപ്പോള്‍ ചര്‍ച്ച. ഈ വിഷയത്തില്‍ തനിക്ക് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലെന്നു സുരേഷ് കുമാര്‍ പ്രതികരിച്ചു.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കിയ ഒടിയൻ റിലീസിനു മുൻപേ നൂറുകോടി ക്ലബിൽ കയറിയെന്നു സംവിധായകൻ തന്നെ അവകാശവാദവുമായി എത്തിയതിനെയാണ് സുരേഷ് വിമര്‍ശിച്ചത്. ” ഞാൻ ഒരു നിർമാതാവ് എന്ന നിലയിൽ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വോയ്സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസർമാർക്ക് അറിയാൻ വേണ്ടിയിട്ടാണ് അത് ചെയ്തത്. ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല”- സുരേഷ് കുമാർ പ്രതികരിച്ചു
”ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗൺസ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. റിലീസ് കഴിഞ്ഞിട്ട് പറയാം. അല്ലെങ്കിൽ പടം ഓടിക്കഴിഞ്ഞ് അങ്ങനെ കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്. റിലീസിനു മുൻപ് തമിഴിൽ പോലും ഇങ്ങനെ ഒരു ബിസിനസ് നടന്നിട്ടില്ല. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്. അത് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കും. ഇൻവെസ്റ്റ് ചെയ്യാൻ ഇരിക്കുന്ന പലരും ഇത്രത്തോളം രൂപയ്ക്ക് കച്ചവടം നടക്കുന്നു എന്നു പറഞ്ഞാണ് വരുന്നത്. അതിന്റെ പാതി പോലും നടക്കുന്നില്ല. അനുഭവത്തിൽ നിന്നാണ് പറയുന്നത്. അഞ്ച് ഷോ പോലും ഓടാത്ത ഒരു പടം 25 കോടി ക്ലബ്ബിൽ കയറി എന്ന് വാർത്ത കണ്ടു. ക്ലബ്ബിൽ കയറൽ പുതിയ ഒരു പരിപാടിയാണ്. ഒടിയൻ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തിൽ നല്ല ഒരു ഇനീഷ്യൽ കിട്ടാൻ പോകുന്ന പടമാണ്.
ഒരു ഹിന്ദി പടമോ തമിഴ് പടമോ ഇറങ്ങുമ്പോൾ ലഭിക്കുന്ന രീതിയിലുള്ള ഇനീഷ്യൽ കലക്ഷൻ ഒടിയനു ലഭിക്കും. അത് ആ നിർമാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. അദ്ദേഹം ബാക്കിയുള്ള പടങ്ങൾ ചെയ്തതിനെക്കാൾ കൂടുതൽ ബിസിനസ് ഇതിൽ നടക്കും. പക്ഷേ, ഇവിടെ ഒരു പടം തുടങ്ങുന്നതിന് മുൻപ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാർത്ഥത്തിൽ അത് പറയേണ്ടത് ഒരു നിർമ്മാതാവാണ്. സംവിധായകന്റെ ഉദ്ദേശം അയാൾക്ക് വേറെ പടം കിട്ടണം. ഇതുപോലെ ബിസിനസ് നടക്കണം. അങ്ങനെയൊന്നും ബിസിനസ് നടക്കില്ല. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവർക്കും അറിയാം,” സുരേഷ് കുമാർ വ്യക്തമാക്കി.
കടപ്പാട് : മനോരമ
Post Your Comments