GeneralLatest NewsMollywood

അരക്കോടി രൂപ ആവശ്യപ്പെട്ട് പോലീസ്; ടൊവീനോ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ ഉണ്ടായത് വെളിപ്പെടുത്തി നിര്‍മ്മാതാവ്

കൃത്യമായ പരാതിപോലുമില്ലാതെ എടുത്ത കേസില്‍ നിന്നും ഊരാന്‍ പോലീസ് ചോദിച്ചത് അരക്കോടി രൂപയെന്ന് ദുല്‍ഖര്‍, ടൊവീനോ ചിത്രങ്ങളുടെ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ സി ആര്‍ സലിം ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ടൊവീനോ തോമസ് നായകനായി എത്തുന്ന ‘എന്‍റെ ഉമ്മാന്‍റെ പേര്’, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവാണ് സലിം. ടൊവീനോ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ തനിക്ക് പൊലീസില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവമാണ് സലിം തുറന്നു പറയുന്നത്. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എസ്പി എ കെ ജമാലുദ്ദീന്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. സലിമിന്‍റെ പരാതി ഏറെക്കുറെ ശരിയാണെന്നും താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും എസ്പി ജമാലുദ്ദീന്‍ ഒരു പ്രമുഖ മാധ്യമത്തിനോട്‌ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് സലിം ഒരു മാധ്യമത്തോട് പറഞ്ഞതിങ്ങനെ…

”ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് താന്‍ സഹനിര്‍മ്മാതാവായുള്ള ‘എന്‍റെ ഉമ്മാന്‍റെ പേര്’ എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ ആവശ്യത്തിനായി നാട്ടിലെത്തിയത്. അതേദിവസം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ എത്തി, സിഐ വിശാല്‍ ജോണ്‍സന് തന്നെ കാണണമെന്ന് പറഞ്ഞു. “എന്‍റെ ഉടമസ്ഥതയില്‍ ഖത്തറിലുള്ള സ്ഥാപനത്തില്‍ ജോലി നോക്കുന്ന സ്ത്രീയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറ‍ഞ്ഞത്. അമിതമായി ജോലിയെടുപ്പിക്കുന്നെന്നും ശമ്പളം നല്‍കുന്നില്ലെന്നും പരാതിയിലുണ്ടെന്നും നാട്ടിലേക്ക് മടങ്ങണമെന്നാണ് അവരുടെ ആവശ്യമെന്നും പറഞ്ഞു. ഇത്തരമൊരു കാര്യം ഓര്‍മ്മയിലൂടെ പോയില്ലെങ്കിലും ദോഹയിലേക്ക് വിളിച്ച് സഹപ്രവര്‍ത്തകരോട് വൈകിട്ട് തന്നെ അവരെ കയറ്റിവിടാന്‍ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേയ്ക്ക് അവിടെയുള്ള പൊലീസുകാര്‍ എന്‍റെ ഫോണൊക്കെ വാങ്ങിവെച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചതനുസരിച്ച് വക്കീല്‍ വന്നു. ആ സ്ത്രീയ്ക്ക് ബോര്‍ഡിംഗ് പാസ് കിട്ടിയാല്‍ പിന്നെ പ്രശ്നമൊന്നുമില്ലെന്നാണ് വക്കീലിനോട് സിഐ പറഞ്ഞത്.”

എന്നാല്‍ പിന്നീട് ഒരു മധ്യസ്ഥന്‍ വഴി പണം തട്ടാനുള്ള ശ്രമമുണ്ടായി. “വൈകിട്ട് ആറിന് ശരത് എന്നുപേരായ ആലുവയിലെ ഒരു ഹോട്ടലുടമ എന്നെ വിളിച്ചു. സിഐയുടെ അടുത്ത ആളാണെന്നാണ് പറഞ്ഞത്. വലിയ പെടലാണ് നിങ്ങള്‍ പെട്ടിരിക്കുന്നതെന്നും 50 രൂപ മുടക്കിയാല്‍ ഇതില്‍നിന്ന് രക്ഷപെടാമെന്നും പറഞ്ഞു. പൈസ തരുന്നത് മറ്റാരും അറിയേണ്ടെന്നും തുക നല്‍കിയാല്‍ രാത്രി 9.30ഓടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളി വരുമെന്നും നിങ്ങള്‍ക്ക് പോകാമെന്നും പറഞ്ഞു. അവിടെയിരുന്ന് അരുണ്‍ എന്ന സുഹൃത്തിനെ വിളിച്ച് ഞാന്‍ പണത്തിന്‍റെ കാര്യം പറഞ്ഞു. 50 രൂപയാണ് ചോദിച്ചതെങ്കിലും ഒരു ലക്ഷം രൂപ എടുത്തിട്ട് ശരത്ത് എന്ന പൊലീസുകാരനെ വിളിക്കാനും പറഞ്ഞു. എന്നാല്‍ ഒരു ലക്ഷം കൊടുത്തപ്പോള്‍ സുഹൃത്തിനോട് ശരത്ത് ചോദിച്ചത് ബാക്കി 49 രൂപ എവിടെ എന്നാണ്. അപ്പോഴാണ് അവര്‍ ചോദിച്ചത് അന്‍പത് ലക്ഷമായിരുന്നെന്ന് മനസിലായത്. അത്രയും വലിയ തുക തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശരത്തിനോട് ഞാന്‍ പറഞ്ഞു. ഒരു കാരണവശാലും പണം കൊടുക്കരുതെന്ന് വക്കീലും എന്നോട് പറ‍ഞ്ഞു.”

ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും 20 ദിവസത്തിലേറെ അകത്തുകിടക്കേണ്ടിയും വരുമെന്നും ഇടനിലക്കാരന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു സലിം. “പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തു. പുലര്‍ച്ചെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തില്‍ വന്നു. പൊലീസ് പോയി അവരെ കൂട്ടിക്കൊണ്ടുവന്നു. മൊഴിയെടുത്തപ്പോള്‍ ഇത് ഞങ്ങളുടെ എംഡിയാണെന്നും പക്ഷേ ആദ്യമായാണ് കാണുന്നതെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് അവര്‍ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവര്‍ ആവര്‍ത്തിച്ചു.” പക്ഷേ അവരെയും അകത്തിടുമെന്നായിരുന്നു സിഐയുടെ ഭീഷണിയെന്ന് സലിം പറയുന്നു. “പിന്നാലെ കോടതിയില്‍ വരാന്‍പറ്റില്ലെന്ന് അവര്‍ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു.”

വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ പിറ്റേന്ന് ചില പത്രങ്ങളിലൊക്കെ ‘വീട്ടുജോലിക്കാരിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചു’ എന്നമട്ടില്‍ വാര്‍ത്തകള്‍ വന്നു. സിപിഎം ജില്ലാ സെക്രട്ടറി വഴി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങിയപ്പോള്‍ തനിക്കെതിരേ പരാതിപ്പെടരുതെന്ന് സിഐ അഭ്യര്‍ഥിച്ചതായും സലിം പറയുന്നു. “പരാതിപ്പെടരുതെന്ന് പറയണമെന്നും മറ്റൊരാള്‍ക്കുവേണ്ടി ചെയ്തതാണെന്നും എന്‍റെ ഒരു സുഹൃത്ത് വഴിയാണ് സിഐ അറിയിച്ചത്. അതിനുശേഷം മുഖ്യമന്ത്രിക്ക് ഞാന്‍ നേരിട്ട് പരാതി കൊടുത്തു. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പരാതി കേട്ടു. അന്വേഷിക്കാന്‍ എസ് പി ജമാലുദ്ദീനെ ചുമതലപ്പെടുത്തുകയായിരുന്നു.” 27 വര്‍ഷമായി ഖത്തറില്‍ ജോലിയും ബിസിനസുമായി കഴിയുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് പറയുന്നു സലിം.

കടപ്പാട് : ഏഷ്യാനെറ്റ്

shortlink

Related Articles

Post Your Comments


Back to top button