മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വി കെ പ്രകാശ് ഒരുക്കുന്ന പ്രാണയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം. ‘പ്രാണ’യിലെ ഏക കഥാപാത്രമാണ് നിത്യ. വീണ്ടും മലയാളത്തിൽ സജീവമാകുന്ന നിത്യ അനാവശ്യ ഗോസിപ്പുകൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് തുറന്നു പറയുന്നു.
തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ നടി നിത്യ ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ” ഗോസിപ്പുകളോട് ഒരിക്കലും താന്‍ പ്രതികരിക്കാറില്ല. എന്നാല്‍ അവ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമഫലം കിട്ടും. ആദ്യപ്രണയത്തിൽ ഞാൻ വളരെ സീരിയസ്സായിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.”
ആ പ്രണയത്തിനു ശേഷം പിന്നീട് അത്തരം ഒരു ബന്ധം ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ താരം തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാൻ താനാണു കാരണമെന്ന തരത്തിൽ പ്രചരണമുണ്ടായത് ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണമെന്നും പറയുന്നു. ”ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും.
പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാം, അത്രമാത്രം.” നിത്യ മേനോൻ വ്യക്തമാക്കി
Post Your Comments