സിനിമാ മേഖലയില്‍ മീ ടു വിവാദം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. എഴുത്തുകാരിയും പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന വിനീത നന്ദ ബോളിവുഡ് താരം താരം അലോക്നാഥിനെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ നടനെതിരെ കേസ്. ഇരുപത് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അലോക് നാഥിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണറായ മനോജ് ശര്‍മ്മ വ്യക്തമാക്കി.
അലോക്നാഥിന്റെ വീട്ടില്‍വച്ച് നടത്തിയ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും അവശനിലയിലായ തന്നെ വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിക്കൊണ്ടു പോയ ശേഷം ബോധം കെടുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു വിനീതയുടെ വെളിപ്പെടുത്തല്‍. ഇതിനെ ക്കുറിച്ച് നല്കിയ പരാതിയിലാണ് താരത്തിനെതിരെ കേസ് എടുത്തത്. സംഭവം കഴിഞ്ഞു പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം മാത്രമാണ് താന്‍ ഉറക്കമുണര്‍ന്നതെന്നും ശരീരമാസകലം വേദനയായിരുന്നുവെന്നും അവര്‍ പരാതിയില്‍ പറയുന്നു.
താന്‍ പ്രൊഡ്യൂസറായിരുന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലിലെ നായകനായിരുന്ന അലോക് നാഥ് അക്കാലത്ത് പല തവണ ശാരീരികമായ അക്രമങ്ങള്‍ക്ക് മുതിര്‍ന്നുവെന്നും പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചതോടെ ഷോയില്‍ നിന്ന് അലോകിനെ പുറത്താക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. ഇതേക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരില്‍ ജോലി പോലും ഇല്ലാത്ത അവസ്ഥയുണ്ടായെന്നും മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടേണ്ടി വന്നുവെന്നും അവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എന്നാല്‍ വിനീതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അലോക്നാഥിന്റെ ഭാര്യ മാനനഷ്ടക്കേസ് നല്‍കിയെങ്കിലും ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു.
Post Your Comments